സൗദി അറേബ്യയിലെ തായിഫില്‍ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്ന് റീട്ടെയില്‍ ഭീമനായ ലുലു

വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ മികച്ച നിരക്കിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്

ദുബായ്: യുഎഇ ആസ്ഥാനമായുള്ള റീട്ടെയില്‍ പവര്‍ഹൗസായ ലുലു ഗ്രൂപ്പ് സൗദി അറേബ്യയില്‍ 70ാമത് ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. ജിദ്ദയിലെ യുഎഇ കോണ്‍സല്‍ ജനറല്‍ നാസര്‍ ഹുവൈദന്‍ തൈബാന്‍ അലി അല്‍കെത്ബി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹ്‌മദ് ഖാന്‍ സുരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ തായിഫ് മേയര്‍ അബ്ദുള്ള ബിന്‍ ഖാമിസ് അല്‍ സൈദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൗദി അറേബ്യയുടെ വിഷന്‍ 2030-ന് പിന്തുണയേകി റീട്ടെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തായിഫിലെ പുതിയ സ്റ്റോര്‍.

ഏകദേശം 196,000 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ മികച്ച നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ് സെക്ഷന്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫാഷന്‍ ഉത്പന്നങ്ങള്‍, ബ്യൂട്ടി പ്രൊഡക്ടുകള്‍, ഐ എക്‌സ്പ്രസ് തുടങ്ങി നിരവധി ഉത്പന്നങ്ങളുടെ ഒരു കലവറ തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഇത് കൂടാതെ വിപുലമായ ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് സുഗമമാക്കാന്‍ ആറ് സെല്‍ഫ് ചെക്ക്ഔട്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. 500 ലേറെ വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യമുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

'തായ്ഫിലെ ജനങ്ങള്‍ക്ക് ഷോപ്പിംഗ് അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുന്നതിനും സമൂഹത്തിന് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനുമാണ് ഈ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്,' എന്ന് ഉദ് ഘാടന പ്രസംഗത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി എം.എ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിനിടെ ഗിന്നസ് റെക്കോര്‍ഡ് നേടിയ ഷാറ്റേര്‍ഡ് ഗ്ലാസ് ആര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച സൗദി ലുലു സ്റ്റാഫുകളെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ആദരിച്ചു. സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യക്ക് ആദരമര്‍പ്പിച്ചായിരുന്നു സൗദി ദേശീയ ദിനത്തിന്റെ ഔദ്യോഗിക ചിഹ്നം ആലേഖനം ചെയ്ത കലാസൃഷ്ടി ലുലു യാഥാര്‍ത്ഥ്യമാക്കിയിരുന്നത്.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്റഫ് അലി എം.എ, ലുലു കെ.എസ്.എ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പുതിയവീട്ടില്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകള്‍ ഉദ്ഘാടന ചടങ്ങില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കൊപ്പം പങ്കെടുത്തു.

Related Articles
Next Story
Share it