മുഴുവന്‍ ബോയിംഗ് 777 വിമാനങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കി ഖത്തര്‍ എയര്‍വേയ്സ്
ഇതുവരെ 54 ബോയിംഗ് 777 വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റാളേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി

ദോഹ: മുഴുവന്‍ ബോയിംഗ് 777 വിമാനങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കി ഖത്തര്‍ എയര്‍വേയ്സ്. സ്റ്റാര്‍ലിങ്കിനൊപ്പം 50-ലധികം വൈഡ് ബോഡി വിമാനങ്ങളിലാണ് ഇന്റര്‍നെറ്റ് സംവിധാനം നടപ്പിലാക്കിയത്. സ്‌കൈട്രാക്സ് 2025 ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി അടുത്തിടെയാണ് ഖത്തര്‍ എയര്‍വേയ്സിനെ തിരഞ്ഞെടുത്തത്.
ഇതുവരെ 54 ബോയിംഗ് 777 വിമാനങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റാളേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി. റെക്കോര്‍ഡ് വേഗതയിലാണ് പണി പൂര്‍ത്തിയാക്കിയത്. ഏറ്റവും വേഗതയേറിയ വൈ-ഫൈ ഓണ്‍ ബോര്‍ഡില്‍ നല്‍കുമെന്ന വാഗ്ദാനമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്.
ഈ നാഴികക്കല്ല് സ്റ്റാര്‍ലിങ്ക് സാങ്കേതികവിദ്യയുള്ള ഏറ്റവും കൂടുതല്‍ വൈഡ് ബോഡി വിമാനങ്ങളുടെ ഓപ്പറേറ്ററായി ഖത്തര്‍ എയര്‍വേയ്സിനെ മാറ്റുന്നു. സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച ദീര്‍ഘദൂര, അള്‍ട്രാ ദീര്‍ഘദൂര കണക്റ്റിവിറ്റിയില്‍ ആഗോള നേതാവെന്ന നിലയിലും മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും സേവനം വാഗ്ദാനം ചെയ്യുന്ന ഏക കാരിയറെന്ന നിലയിലും ഇതോടെ ഖത്തര്‍ എയര്‍വേയ്സ് മാറുന്നു.
രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തായാക്കാന്‍ ഉദ്ദേശിച്ചിരുന്ന ഇന്‍സ്റ്റാളേഷന്‍ പദ്ധതി ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയായി. ആസൂത്രണം ചെയ്തതിനേക്കാള്‍ ഏകദേശം 50% വേഗത്തിലാണ് ഇത് പൂര്‍ത്തിയായിരിക്കുന്നത്. മൂന്ന് ദിവസത്തില്‍ നിന്ന് ഒരു വിമാനത്തിന് 9.5 മണിക്കൂര്‍ വരെ നവീകരണ സമയം വെട്ടിക്കുറച്ചതിലൂടെ, പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താതെ എയര്‍ലൈന്‍ റോള്‍ ഔട്ട് പ്രോഗ്രാം പൂര്‍ത്തിയാക്കി.
പദ്ധതിയെ കുറിച്ച് ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍-മീര്‍ പറഞ്ഞത് ഇങ്ങനെ:
'ഈ പുതിയ നാഴികക്കല്ല് യാത്രക്കാരുടെ പ്രതീക്ഷകള്‍ പുനര്‍നിര്‍വചിക്കുന്നതില്‍ ഞങ്ങളുടെ തന്ത്രപരമായ നിക്ഷേപം തെളിയിക്കുന്നു. വ്യവസായത്തിലെ ഏറ്റവും വേഗതയേറിയതും സുഗമവുമായ ഇന്‍-ഫ് ളൈറ്റ് കണക്റ്റിവിറ്റി ഞങ്ങള്‍ വാഗ്ദാനം ചെയ്തു, സ്റ്റാര്‍ലിങ്കിലൂടെ ഞങ്ങള്‍ അത് വേഗത്തിലും സമാനതകളില്ലാത്ത തോതിലും എത്തിച്ചു. ബോയിംഗ് 777-കള്‍ക്കായുള്ള ഞങ്ങളുടെ റോള്‍ഔട്ട് പ്രോഗ്രാം പൂര്‍ത്തിയാക്കിയ ശേഷം, എയര്‍ബസ് A350 ഫ് ളീറ്റിനെ സ്റ്റാര്‍ലിങ്ക് ഉപയോഗിച്ച് സജ്ജമാക്കുന്നതിലാണ് ഇപ്പോള്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 170-ലധികം ലക്ഷ്യസ്ഥാനങ്ങളുള്ള ഞങ്ങളുടെ ആഗോള ശൃംഖലയിലുടനീളമുള്ള കൂടുതല്‍ റൂട്ടുകളിലേക്ക് ഈ ഗെയിം-ചേഞ്ചിംഗ് അനുഭവം കൊണ്ടുവരുന്നു'- എന്നും അദ്ദേഹം പറഞ്ഞു.
പ്രീമിയം, ഇക്കണോമി ക്യാബിനുകളിലെ യാത്രക്കാര്‍ക്ക് ഒരു വിമാനത്തിന് 500 Mbps വരെ സൗജന്യ, ഗേറ്റ്-ടു-ഗേറ്റ് വൈ-ഫൈ വേഗത ആസ്വദിക്കാം. സ്ട്രീമിംഗ്, ഗെയിമിംഗ് തുടങ്ങിയവ വിമാന യാത്രയില്‍ തടസങ്ങളില്ലാതെ യാത്രക്കാര്‍ക്ക് ആസ്വദിക്കാം.
ബോയിംഗ് 777 വിമാനങ്ങള്‍ക്കായുള്ള റോള്‍ഔട്ട് പ്രോഗ്രാമിന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍, എയര്‍ലൈന്‍ ഇപ്പോള്‍ എയര്‍ബസ് A350 ഫ് ളീറ്റിനെ സജ്ജമാക്കുകയാണ്, അടുത്ത വര്‍ഷത്തിനുള്ളില്‍ സ്റ്റാര്‍ലിങ്ക് ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യം.
2024 ഒക്ടോബറില്‍ ലോകത്തിലെ ആദ്യത്തെ സ്റ്റാര്‍ലിങ്ക് സജ്ജീകരിച്ച ബോയിംഗ് 777 ആരംഭിച്ചതിനുശേഷം, ഖത്തര്‍ എയര്‍വേയ്സ് ഇതുവരെ 15,000-ത്തിലധികം സ്റ്റാര്‍ലിങ്ക് കണക്റ്റഡ് ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തിയിട്ടുണ്ട്, ലോകോത്തര സേവനങ്ങളിലൂടെയും നൂതനാശയങ്ങളിലൂടെയും യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സാധ്യമാക്കുന്നത് തുടരുകയാണ് ഖത്തര്‍ എയര്‍വേയ്സ്.