യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് വ്യവസായി എംഎ യൂസഫലിയുടെ മകള്‍ ഷഫീനയും

പട്ടികയില്‍ ഇടംനേടിയ മൂന്ന് ഇന്ത്യാക്കാരില്‍ ഏക മലയാളിയാണ് ഷഫീന യൂസഫലി

ദുബായ്: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മകള്‍ ഷഫീന യൂസഫലിയും. പട്ടികയില്‍ ഇടംനേടിയ മൂന്ന് ഇന്ത്യാക്കാരില്‍ ഏക മലയാളിയാണ് ഷഫീന യൂസഫലി. രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്‌കാരിക രംഗങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ കൈയൊപ്പ് ചാര്‍ത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ ആദ്യ പട്ടികയാണ് പുറത്ത് വിട്ടത്.

ശക്തി, ഉദ്ദേശ്യം, പുരോഗതി, ഇന്നത്തെ യുഎഇയെ രൂപപ്പെടുത്തുന്ന സ്ത്രീകള്‍ ഈ മൂന്നുപേരെയുമാണ് ഉള്‍ക്കൊള്ളുന്നത്. അവര്‍ മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, സംരംഭകര്‍, സാങ്കേതിക വിദഗ്ധര്‍, കലാകാരന്മാര്‍, കായികതാരങ്ങള്‍, എന്നിങ്ങനെയുള്ള പദവികള്‍ വഹിക്കുന്നു. ഓരോരുത്തരും അവരവരുടെ ജോലികള്‍ ഭംഗിയായി നിര്‍വഹിക്കുന്നവരാണ്. പവര്‍ വുമണ്‍ 50 ന്റെ ആദ്യ പട്ടികയില്‍ സര്‍ക്കാര്‍, രാഷ്ട്രീയം, നയതന്ത്രം, ബിസിനസ്സ്, ധനകാര്യം, സംരംഭകത്വം, സാങ്കേതികവിദ്യ, നവീകരണം, വിദ്യാഭ്യാസം, കല, സംസ്‌കാരം, വാസ്തുവിദ്യ, കായികം, ഫിറ്റ്‌നസ്, ആരോഗ്യ സംരക്ഷണം, സാമൂഹിക സ്വാധീനം, സിവില്‍ സമൂഹം തുടങ്ങിയ വിവിധ മേഖലകളില്‍ കൈയൊപ്പ് ചാര്‍ത്തിയവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അവര്‍ ഒരുമിച്ച് രാജ്യത്തുടനീളം നവീകരണം, തുല്യത, വളര്‍ച്ച എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നു. യുഎഇയെ ശക്തിപ്പെടുത്തുന്ന ശബ്ദങ്ങളും ദര്‍ശനങ്ങളും അവരാണ്. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ യുഎഇയിലെ നാല് വനിതാ മന്ത്രിമാര്‍, മുന്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ചെയര്‍പഴ്‌സന്‍, എമിറാത്തി ഒളിംപ്യന്‍ അടക്കം 50 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്താണ് ദുബായില്‍ നടന്ന ചടങ്ങില്‍ 'പവര്‍ വുമണ്‍' പട്ടിക പ്രസിദ്ധീകരിച്ചത്.

യുഎഇ രാജ്യാന്തര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി, യുഎഇ സംരംഭക വകുപ്പ് സഹമന്ത്രി ആലിയ ബിന്‍ത് അബ്ദുല്ല അല്‍ മസ്രുയി, സഹമന്ത്രിമാരായ ലാന നുസൈബെഹ്, മുന്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ചെയര്‍പഴ്‌സന്‍ ഡോ. അമല്‍ എ. അല്‍ ഖുബൈസി, യുഎഇ സഹമന്ത്രി ഷമ്മ അല്‍ മസ്രുയി എന്നിവരാണ് ആദ്യ റാങ്കില്‍ ഉള്ളത്. ഐയുസിഎന്‍ പ്രസിഡന്റ് റാസന്‍ അല്‍ മുബാറക്ക്, ദുബായ് മീഡിയ കൗണ്‍സില്‍ വൈസ് ചെയര്‍പഴ്‌സന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ മോന അല്‍ മാരി, എമിറാത്തി ഒളിംപ്യന്‍ ഷെയ്ഖ ലത്തീഫ ബിന്‍ത് അഹമ്മദ് അല്‍ മക്തൂം തുടങ്ങിയവരും ആദ്യ പട്ടികയില്‍ ഇടം നേടി.

ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍വുമണ്‍ രേണുക ജഗ്തിയാനി, അപ്പാരല്‍ ഗ്രൂപ്പ് സ്ഥാപക സീമ വേദ്, റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ മലയാളി ഷഫീന യൂസഫലി എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ ഇന്ത്യക്കാര്‍. ബിസിനസിനൊപ്പം കലാപ്രവര്‍ത്തനങ്ങളിലും ശ്രദ്ധേയയായ ഷഫീന കലാകാരന്മാര്‍ക്ക് പിന്തുണ നല്‍കിയാണ് റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവ് സ്ഥാപിച്ചത്.

കേരളത്തിലെയും ഗള്‍ഫിലെയും കലാകാരന്മാര്‍ക്ക് ആഗോള വേദി ഉറപ്പാക്കിയും പുതിയ അവസരങ്ങള്‍ ലഭ്യമാക്കിയുമാണ് റിസ്‌ക് ആര്‍ട്ട് ഇനീഷ്യേറ്റീവിന്റെ പ്രവര്‍ത്തനം. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദാണ് ഷഫീന യൂസഫലിയുടെ ഭര്‍ത്താവ്. പിതാവ് എം.എ യൂസഫലിയുടെ പാത പിന്തുടര്‍ന്ന് സംരംഭകത്തിനൊപ്പം സാമൂഹികസേവന രംഗത്തും ഏറെ ശ്രദ്ധാലുവാണ് മകള്‍ ഷഫീന യൂസഫലി.

അബുദാബി ആസ്ഥാനമായി ബിസിനസ് രംഗത്ത് സജീവമായ ഷഫീന യൂസഫ് അലി യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎയും കേംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്‌സില്‍ മാസ്റ്റര്‍ ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം പി.എച്ച്.ഡി ചെയ്തുവരികയാണ്.

Related Articles
Next Story
Share it