സൗദിയില്‍ പുതിയ ഭക്ഷ്യനിയമം ജുലൈ 1 മുതല്‍; ലക്ഷ്യം ഉപഭോക്താക്കള്‍ക്ക് ഭക്ഷണങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുക എന്നത്
ആഗോള ആരോഗ്യ ശുപാര്‍ശകള്‍ക്ക് അനുസൃതമായി ഉപഭോക്താക്കളെ ഉപ്പും കഫീനും കഴിക്കുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാണ് പുതിയ നിയമങ്ങള്‍ കൊണ്ട് ലക്ഷ്യമിടുന്നത്

റിയാദ്: ഭക്ഷണ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും പുറത്തു നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണക്രമത്തില്‍ ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ നടത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഭക്ഷ്യ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (SFDA). 2025 ജൂലൈ 1 മുതല്‍ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും.
പുതിയ നിയമങ്ങള്‍ പ്രകാരം, ഭൗതികമായും ഓണ്‍ലൈനായും ഭക്ഷ്യ സ്ഥാപനങ്ങള്‍ എല്ലാ മെനുകളിലും വിശദമായ പോഷകാഹാര വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. സോഡിയം കൂടുതലുള്ള ഭക്ഷണങ്ങള്‍ക്കുള്ള പുതിയ 'സാള്‍ട്ട് ഷേക്കര്‍' ലേബല്‍, പാനീയങ്ങളിലെ കഫീന്‍ ഉള്ളടക്ക വെളിപ്പെടുത്തലുകള്‍, കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി എരിച്ചുകളയാന്‍ ആവശ്യമായ സമയം തുടങ്ങിയ വിവരങ്ങളെല്ലാം രേഖപ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഈ നിയന്ത്രണങ്ങള്‍ ഡിജിറ്റല്‍ ഫുഡ് ഓര്‍ഡറിംഗ് പ്ലാറ്റ് ഫോമുകളിലേക്കും വ്യാപിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. SFDA അനുസരിച്ച്, ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും, ആഗോള ആരോഗ്യ ശുപാര്‍ശകള്‍ക്ക് അനുസൃതമായി ഉപഭോക്താക്കളെ അവരുടെ ഉപ്പും കഫീനും കഴിക്കുന്നത് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനുമാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നത്.
ലോകാരോഗ്യ സംഘടന സോഡിയം ഉപഭോഗം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. മുതിര്‍ന്നവര്‍ പ്രതിദിനം അഞ്ച് ഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കരുത്. അതുപോലെ കഫീന്‍ ഉപഭോഗവും. മുതിര്‍ന്ന എല്ലാ വിഭാഗമാളുകള്‍ക്കും പ്രതിദിനം 400 മില്ലിഗ്രാമിലും ഗര്‍ഭിണികള്‍ക്ക് 200 മില്ലിഗ്രാമിലും കൂടരുത്. റെസ്റ്റോറന്റുകള്‍, കഫേകള്‍ പോലുള്ള ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും അതോറിറ്റിയുടെ വെബ് സൈറ്റിലെ 'ഇലക്ട്രോണിക് കഫീന്‍ കാല്‍ക്കുലേറ്റര്‍' ഉപയോഗിച്ച് പാനീയങ്ങളിലെ കഫീന്റെ അളവ് എളുപ്പത്തില്‍ മനസിലാക്കാനാവുമെന്നും അതോറിറ്റി സൂചിപ്പിച്ചു.