കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമത്തില്‍ പുതിയ ഭേദഗതികള്‍; സ്വദേശികള്‍ക്ക് 15 വര്‍ഷ കാലാവധി, പ്രവാസികള്‍ക്ക് 5 വര്‍ഷം
ഔദ്യോഗിക ഗസറ്റില്‍ ഭേദഗതികള്‍ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തില്‍ വന്നു

കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ 85, ക്ലോസ് 1 ന് നല്‍കിയ മാറ്റങ്ങള്‍ 2025-ലെ പ്രമേയം നമ്പര്‍ 1257 ആയി ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഭേദഗതികള്‍ ഗതാഗത നിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളുമായി ബന്ധപ്പെട്ടതും രാജ്യത്തെ സ്വകാര്യ ഡ്രൈവിംഗ് ലൈസന്‍സുകളുടെ നിര്‍വചനവും സാധുതയും പരിഷ്‌കരിക്കാന്‍ ലക്ഷ്യമിടുന്നവയുമാണ്.
പുതിയ ഭേദഗതികള്‍ പ്രകാരം, സ്വകാര്യ ലൈസന്‍സില്‍ താഴെപ്പറയുന്ന വാഹനങ്ങള്‍ ഉള്‍പ്പെടുന്നു.
1. ഏഴ് യാത്രക്കാരില്‍ കൂടുതല്‍ വഹിക്കാത്ത സ്വകാര്യ വാഹനങ്ങള്‍
2. രണ്ട് ടണ്ണില്‍ കൂടാത്ത ലോഡ് കപ്പാസിറ്റിയുള്ള ഗതാഗത വാഹനങ്ങള്‍
3. ടാക്‌സികള്‍
4. ആംബുലന്‍സുകള്‍
ലൈസന്‍സിന്റെ കാലാവധി: റെസിഡന്‍സിയെ ആശ്രയിച്ച് കുവൈത്ത് പൗരന്മാര്‍ക്കും ജിസിസി പൗരന്മാര്‍ക്കും 15 വര്‍ഷമാണ് കാലാവധി. പ്രവാസികള്‍ക്ക് 5 വര്‍ഷമാണ് കാലാവധി.
ഭേദഗതികള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തില്‍ വന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറിക്കാണ് പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ചുമതല. നിലവില്‍ മന്ത്രാലയം 66,584 ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ റദ്ദാക്കലിന് പിന്നിലുള്ള വ്യക്തമായ കാരണങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കുവൈത്തിലെ സ്വകാര്യ ഡ്രൈവിംഗ് ലൈസന്‍സ് ചട്ടങ്ങളിലെ ഭേദഗതികള്‍ ഗതാഗത നിയമ നിര്‍വ്വഹണത്തിലും ഡോക്യുമെന്റേഷനിലും ഒരു പ്രധാന മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. പുതിയ നിയമങ്ങള്‍ക്കനുസൃതമായി താമസക്കാരെ(പൗരന്മാരും പ്രവാസികളും) അവരുടെ നിലവിലെ ലൈസന്‍സ് നില അവലോകനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നു. പുതിയ ഭേദഗതികള്‍ വന്നതോടെ ലൈസന്‍സിംഗ് സംവിധാനം കാര്യക്ഷമമാക്കുകയും എല്ലാ വാഹന വിഭാഗങ്ങളിലും കൂടുതല്‍ ഉത്തരവാദിത്തം ഉറപ്പാക്കുകയും ചെയ്യുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.