അബുദാബിയില്‍ 2 മലയാളികളെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

തമിഴ് നാട്ടിലെ ചെന്നൈയില്‍ നിന്നുള്ള ഷമീം കെകെ ആണ് പിടിയിലായത്

ദുബായ്: അബുദാബിയില്‍ രണ്ട് മലയാളികളെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. 2020-ല്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന പ്രതിയാണ് ഇന്ത്യയില്‍ പിടിയിലായിരിക്കുന്നത്. പ്രതിയെ ഇന്ത്യയിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ)അറസ്റ്റ് ചെയ്തതായി വ്യാഴാഴ്ച എക്സില്‍ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുടെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായ സിബിഐ, തമിഴ് നാട്ടിലെ ചെന്നൈയില്‍ നിന്നുള്ള ഷമീം കെകെയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തതായാണ് അറിയിച്ചിരിക്കുന്നത്. പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബാ ഷരിഫിനെ തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്റഫാണ് ഇരട്ടക്കൊലപാതകത്തിന്റെയും സൂത്രധാരനെന്ന് കൂട്ടുപ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഷാഫ ഷെരീഫ് വധക്കേസ് കേരള പൊലീസ് ആണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ചില ഭാഗങ്ങള്‍ കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയും ചെയ്ത 2022 മുതല്‍ പ്രതി ഒളിവിലായിരുന്നു.

2020 മാര്‍ച്ച് 5 ന് അബുദാബിയിലെ ബിസിനസ് കണ്‍സള്‍ട്ടന്റായ കോഴിക്കോട് സ്വദേശി ഹാരിസ് തത്തമ്മ പറമ്പിലും, ചാലക്കുടി സ്വദേശിയായ ജീവനക്കാരി ഡെന്‍സി ആന്റണി എന്ന സ്ത്രീയും യുഎഇയിലെ ഒരു ഫ് ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് കേസ് ആരംഭിച്ചത്. ഇരുവരുടേയും മരണങ്ങള്‍ ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്.

എന്നാല്‍ പിന്നീട് ഹാരിസിന്റെ ബിസിനസ് പങ്കാളിയായ ഷൈബിന്‍ അഷ്റഫ് അസൂയയും ബിസിനസ് വൈരാഗ്യവും മൂലം കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. കൊലപാതകം മുന്നില്‍ കണ്ട് ഷൈബിന്‍ തന്റെ നിരവധി കൂട്ടാളികളെ ഗള്‍ഫിലേക്ക് അയച്ചതായും അവരുടെ ചെലവുകള്‍ വഹിച്ചതായും ഹാരിസിന്റെ വരുമാനവും സമ്പാദ്യവും പിടിച്ചെടുക്കാന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതായും സിബിഐ പറഞ്ഞു.

ഷൈബിന്‍ അഷ്റഫിനും ഈ ആഴ്ച അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ ഒളിവില്‍ കഴിഞ്ഞിരുന്ന ഷമീം കെ.കെ ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ക്കുമെതിരെ 2024 ഒക്ടോബര്‍ 10 ന് ഇന്ത്യയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസിന്റെ ചില ഭാഗങ്ങള്‍ ലോക്കല്‍ പൊലീസില്‍ നിന്ന് ഏറ്റെടുക്കാന്‍ സിബിഐയോട് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കാണാതായ പ്രതികളെ കണ്ടെത്താന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ (എല്‍ഒസി) പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് സിബിഐ അറിയിച്ചു.

ഷരീഫ് വധക്കേസില്‍ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പൂളക്കുളങ്ങര ഷബീബ് റഹ്‌മാന്‍, കൂത്രാടന്‍ അജ്മല്‍, പൊരി ഷമീം എന്നിവര്‍ ഇരട്ടക്കൊലക്കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചിരുന്നു. നാട്ടിലിരുന്ന് ഷൈബിന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും ഇവര്‍ മൊഴി നല്‍കി. യുവതിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നെ കൈ ഞരമ്പ് മുറിച്ച് ഹാരിസിനെ ബാത്ത് ടബ്ബിലിട്ടു.

പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കൃത്രിമ തെളിവുകളും സൃഷ്ടിച്ചാണ് പ്രതികള്‍ ഫ് ളാറ്റ് വിട്ടത്. കൊലപാതകങ്ങളില്‍ പങ്കെടുത്തവര്‍ പിന്നീട് പല ഘട്ടങ്ങളായി നാട്ടിലേക്കു മടങ്ങി. വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഹാരിസിന്റെ മാതാവ്, സഹോദരി എന്നിവരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് പ്രതി പിടിയിലാകുന്നത്.

Related Articles
Next Story
Share it