കള്ളപ്പണം വെളുപ്പിക്കല്‍: 5 ലക്ഷം ദിനാര്‍ വരെ പിഴ ചുമത്തുന്ന കരട് നിയമത്തിന് അംഗീകാരം നല്‍കി കുവൈത്ത്

നിയമലംഘകരായ വിദേശികളെ ശിക്ഷ വിധിച്ചതിനുശേഷം രാജ്യത്തേക്കുള്ള പ്രവേശന നിരോധനം ഏര്‍പ്പെടുത്തി നാടുകടത്തും.

ദുബായ്: കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനുമെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി പുതിയ കരട് നിയമത്തിന് അംഗീകാരം നല്‍കി കുവൈത്ത്. പുതിയ കരട് നിയമം അനുസരിച്ച് കുറ്റക്കാര്‍ക്ക് 5 ലക്ഷം ദിനാര്‍ വരെ പിഴ ലഭിക്കും.

മന്ത്രിസഭാ സമ്മേളനത്തിലാണ് പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയങ്ങളുമായും രാജ്യാന്തര മാനദണ്ഡങ്ങളുമായും യോജിക്കുംവിധത്തിലാണ് ദേശീയ നിയമനിര്‍മാണം. അന്തിമ അംഗീകാരത്തിന് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹിന് സമര്‍പ്പിക്കും. ആസ്തികള്‍ മരവിപ്പിക്കുക, സാമ്പത്തിക ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക, തീവ്രവാദത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കുക എന്നിവയും നടപടിയില്‍ ഉള്‍പ്പെടും.

വിദേശകാര്യ മന്ത്രിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കാബിനറ്റ് തീരുമാനങ്ങള്‍ പുറപ്പെടുവിക്കുമെന്നും തൊട്ടുപിന്നാലെ തന്നെ പ്രാബല്യത്തില്‍ വരുമെന്നും കരട് നിയമം വ്യക്തമാക്കുന്നു. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികളും നിയമത്തില്‍ ഉള്‍പ്പെടുന്നു.

കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 10,000 മുതല്‍ 5 ലക്ഷം ദിനാര്‍ വരെ ചുമത്താനാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ റെഗുലേറ്ററി അതോറിറ്റികള്‍ ചുമത്തുന്ന ഉപരോധങ്ങള്‍ക്കൊപ്പം ഈ പിഴകളും ബാധകമാക്കാം. നിയമലംഘകരായ വിദേശികളെ ശിക്ഷ വിധിച്ചതിനുശേഷം രാജ്യത്തേക്കുള്ള പ്രവേശന നിരോധനം ഏര്‍പ്പെടുത്തി നാടുകടത്തും. അധികാരികള്‍ ചുമത്തുന്ന സാമ്പത്തിക നിയന്ത്രണ ഉപരോധങ്ങള്‍ക്കൊപ്പമാണ് ഈ ശിക്ഷാവിധികളും നല്‍കുന്നത്.

Related Articles
Next Story
Share it