ഇന്ത്യന്‍ യാത്രികര്‍ക്ക് സന്തോഷവാര്‍ത്ത; യു.എ.ഇയില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം വിപുലീകരിക്കുന്നു
ഈ പുതിയ സൗകര്യം 2025 ഫെബ്രുവരി 13 മുതല്‍ നടപ്പിലാക്കിയതായും അധികൃതര്‍

യു.എ.ഇ: യുണൈറ്റഡ് അറബ് എമിറേറ്റ് സിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍ സൗകര്യം വിപുലീകരിച്ചതായി ന്യൂഡല്‍ഹിയിലെ യുഎഇ എംബസി. ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച്, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാധുവായ താമസ പെര്‍മിറ്റുകള്‍ കൈവശമുള്ള ഏതൊരു ഇന്ത്യന്‍ പൗരന്മാര്‍ക്കും യുഎഇയിലെ എല്ലാ പ്രവേശന കേന്ദ്രങ്ങളിലും വിസ ഓണ്‍ അറൈവല്‍ ലഭിക്കും. ഈ പുതിയ സൗകര്യം 2025 ഫെബ്രുവരി 13 മുതല്‍ നടപ്പിലാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
നിലവിലുള്ള നിയമങ്ങളുടെ വിപുലീകരണം
ഈ പുതിയ മാറ്റത്തിന് മുമ്പ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ (EU), അല്ലെങ്കില്‍ യുണൈറ്റഡ് കിംഗ്ഡം (UK) എന്നിവയില്‍ നിന്നുള്ള സാധുവായ വിസ, താമസ പെര്‍മിറ്റ് അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് കൈവശം വച്ചാല്‍ മാത്രമേ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎഇയില്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍, പുതിയ മാറ്റങ്ങളോടെ, ആറ് രാജ്യങ്ങള്‍ കൂടി ഈ പട്ടികയിലേക്ക് ചേര്‍ത്തു, ഇത് ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുഎഇയിലേക്കുള്ള യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുന്നു.
അത് മാത്രവുമല്ല, യുഎഇയില്‍ പ്രവേശിക്കുന്നതിന് വിലക്കുകള്‍ ഉള്ള ആളുകള്‍ക്ക് വിസ ലഭിക്കില്ല. നമ്മുടെ കയ്യിലുള്ള പാസ്‌പോര്‍ട്ടിന് കുറഞ്ഞത് 6 മാസം കാലാവധി ഉണ്ടാകണം. യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ വിസയ്ക്ക് കുറഞ്ഞത് 6 മാസം കാലാവധിയുണ്ടാകണം. എങ്കില്‍ മാത്രമേ വിസക്ക് അപേക്ഷിക്കാന്‍ കഴിയൂ. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, യുകെ/യുഎസ് വിസ, വെളുത്ത പശ്ചാത്തലത്തിലുള്ള ചിത്രം എന്നിവയാണ് അപക്ഷ സമര്‍പ്പിക്കുമ്പോള്‍ അപ്ലോഡ് ചെയ്യേണ്ടത്.
യുഎഇ സര്‍ക്കാരിന്റെ അഭിപ്രായത്തില്‍, തുറന്നതും എളുപ്പവുമായ യാത്രാ മാനേജ്‌മെന്റ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ മാനുഷിക ബന്ധം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. പ്രത്യേകിച്ച് ഇന്ത്യ, യുഎഇ പോലുള്ള സാമ്പത്തികമായും സാംസ്‌കാരികമായും തന്ത്രപരമായും ബന്ധപ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക്, ഈ സംരംഭം വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമാണ്.
ഈ നടപടി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും
ഇന്ത്യ-യുഎഇ പങ്കാളിത്തത്തിന്റെ ശക്തമായ സൂചനയായിട്ടാണ് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അബ്ദുള്‍നാസര്‍ അല്‍ഷാലി ഈ സംരംഭത്തെ വിശേഷിപ്പിച്ചത്. 'ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ-ഓണ്‍-അറൈവല്‍ പ്രോഗ്രാമിന്റെ വിപുലീകരണം ഇന്ത്യയുമായുള്ള ഞങ്ങളുടെ ശക്തമായ പങ്കാളിത്തത്തിന്റെ തെളിവാണ്. കുടുംബ പുനഃസമാഗമങ്ങള്‍ എളുപ്പമാക്കുകയും പ്രൊഫഷണല്‍ സഹകരണത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും വ്യാപാരത്തിന് ഉത്തേജനം നല്‍കുകയും ചെയ്യുന്ന ഒരു പ്രായോഗിക നടപടിയാണിത്'- എന്നും അദ്ദേഹം പറഞ്ഞു.