യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ് വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ നിരോധിച്ചു

നിരോധനം ഏര്‍പ്പെടുത്തിയത് സുരക്ഷയെ കരുതി

യുഎഇ: യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സ് വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ നിരോധിച്ചു. ഒക്ടോബര്‍ 1 മുതല്‍ എമിറേറ്റ്സ് വിമാനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് അനുവദനീയമല്ലെന്നാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. വിമാനത്തിനുള്ളിലെ ചാര്‍ജിങ് സോക്കറ്റില്‍ കുത്തി പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനും അനുമതിയില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഹാന്‍ഡ് ബാഗേജില്‍ യാത്രക്കാര്‍ക്ക് പവര്‍ബാങ്ക് കൊണ്ടു പോകുന്നതിന് തടസ്സമില്ല.

വ്യോമയാന വ്യവസായത്തിലുടനീളമുള്ള ബാറ്ററികളുടെയും അതിലൂടെ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെയും സുരക്ഷാ ആശങ്കകള്‍ക്കിടയിലാണ് നിരോധനം വരുന്നത്. വിമാന യാത്രയില്‍ പവര്‍ ബാങ്കുകളുടെ ഉപയോഗം കൂടി വരുന്നത് കണക്കിലെടുത്താണ് എമിറേറ്റ് സിന്റെ തീരുമാനം. വിമാനത്തിനുള്ളില്‍ ലിതിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം വേഗത്തില്‍ നടപ്പാക്കുന്നതെന്ന് എമിറേറ്റ് സ് അറിയിച്ചു.

പവര്‍ ബാങ്കിലെ ലിതിയം ബാറ്ററി അധികം ചാര്‍ജ് ആവുകയോ കേടാവുകയോ ചെയ്താല്‍ ചൂടാകാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. തീപിടിക്കാനും വിഷ വാതകം പുറത്തു വരാനും ഇതു കാരണമാകും. ഇതുസംബന്ധിച്ച വിദഗ്ധ സമിതിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പവര്‍ ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ഹാന്‍ഡ് ബാഗേജില്‍ പവര്‍ബാങ്ക് കൊണ്ടു പോകുന്നതിനുള്ള നിബന്ധനകള്‍:

1. 100 വാട്ടില്‍ താഴെയുള്ള പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടു പോകാം. (ലാപ് ടോപ് അടക്കം ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഉയര്‍ന്ന ഊര്‍ജ ശേഷിയുള്ളതാണ് 100 വാട്ടിന് മുകളിലുള്ള പവര്‍ ബാങ്കുകള്‍)

2. ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകുന്ന പവര്‍ ബാങ്കിന്റെ ശേഷി വ്യക്തമാക്കുന്ന വിവരങ്ങള്‍ അതിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടാകണം.

3. പവര്‍ ബാങ്ക് സീറ്റിന് മുകളിലെ ഓവര്‍ഹെഡ് സ്റ്റോറേജില്‍ വയ്ക്കാന്‍ പാടില്ല. സീറ്റിന്റെ പോക്കറ്റിലോ, മുന്‍ സീറ്റിന്റെ അടിയിലോ വേണം പവര്‍ ബാങ്ക് സൂക്ഷിക്കാന്‍.

4. ചെക്കന്‍ ഇന്‍ ബാഗേജുകളില്‍ പവര്‍ ബാങ്ക് വയ്ക്കരുത്.

5.വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിച്ചു ചാര്‍ജ് ചെയ്യരുത്.

6. പവര്‍ ബാങ്കും ചാര്‍ജ് ചെയ്യരുത്.

എമിറേറ്റ്സ് മാത്രമല്ല, ഇത്തരത്തില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. യുഎഇ ആസ്ഥാനമായുള്ള മറ്റ് എയര്‍ലൈനുകളും സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എത്തിഹാദ് എയര്‍വേയ്സ്, ഫ് ളൈ ദുബായ്, എയര്‍ അറേബ്യ, എയര്‍ ഇന്ത്യ, ഖത്തര്‍ എയര്‍വേയ്സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവയെല്ലാം പവര്‍ ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles
Next Story
Share it