ഹിജ് റ പുതുവര്‍ഷാരംഭം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ദുബായ്
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക

ദുബായ്: ഹിജ് റ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ദുബായ്. 2025 ജൂണ്‍ 27 വെള്ളിയാഴ്ച ഔദ്യോഗിക പൊതു അവധിയായി പ്രഖ്യാപിച്ചുകൊണ്ട് ദുബായ് ഗവണ്‍മെന്റ് മാനവ വിഭവശേഷി വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. ജൂണ്‍ 30 തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുഃനരാരംഭിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. എന്നാല്‍ അടിയന്തര സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളിലേയും ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടാത്ത വിധം ജോലി സമയം ക്രമീകരിക്കേണ്ടതാണ്.
സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക. ശനിയാഴ്ച വാരാന്ത്യ അവധി ലഭിക്കുന്ന ചില ജീവനക്കാര്‍ക്ക് ജൂണ്‍ 27 മുതല്‍ ജൂണ്‍ 29 വരെ അവധി ലഭിക്കും. മൂന്ന് ദിവസം നീണ്ട വാരാന്ത്യ അവധിയാണ് ഇവര്‍ക്ക് ലഭിക്കുക. ജൂണ്‍ 30 തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക. രാജ്യത്തെ പൊതു മേഖലാ ജീവനക്കാര്‍ക്കും ഇതേ അവധി ദിവസം തന്നെയാണ് ലഭിക്കുക. യുഎഇയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിവസങ്ങള്‍ നേരത്തെ ഏകീകരിച്ചിരുന്നു.