ലോകം കാത്തിരുന്ന ദുബായ് ഗ്ലോബല്‍ വില്ലേജ് 30ാം സീസണിന്റെ ഉദ്ഘാടന തീയതികള്‍ പ്രഖ്യാപിച്ചു
2025 ഒക്ടോബര്‍ 15 മുതല്‍ 2026 മെയ് 10 വരെ പരിപാടികള്‍ നീണ്ടുനില്‍ക്കും

ദുബായ്: ലോകം കാത്തിരുന്ന ദുബായ് ഗ്ലോബല്‍ വില്ലേജ് 30ാം സീസണിന്റെ ഉദ്ഘാടന തീയതികള്‍ പ്രഖ്യാപിച്ചു. 2025 ഒക്ടോബര്‍ 15 മുതല്‍ 2026 മെയ് 10 വരെ പരിപാടികള്‍ നീണ്ടുനില്‍ക്കും. കഴിഞ്ഞ സീസണില്‍ 10.5 ദശലക്ഷം സന്ദര്‍ശകരാണ് പങ്കെടുത്തത്. ഇത് റെക്കോര്‍ഡ് നേട്ടമാണ്. പുതിയ സീസണില്‍ ഒട്ടേറെ ആകര്‍ഷണങ്ങള്‍ ഉണ്ടാകുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. കൂടുതല്‍ സാംസ്‌കാരിക കലാപ്രകടനങ്ങള്‍, കൂടുതല്‍ വിനോദങ്ങള്‍, രാജ്യാന്തര ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും ഇത്തവണ ഉണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
അന്താരാഷ്ട്ര പവലിയനുകള്‍, ലോകമെമ്പാടുമുള്ള ഭക്ഷണം, സാംസ്‌കാരിക പ്രകടനങ്ങള്‍, ഷോപ്പിംഗ്, റൈഡുകള്‍, തത്സമയ വിനോദം എന്നിവ സന്ദര്‍ശകര്‍ക്ക് ഇത്തവണയും പ്രതീക്ഷിക്കാം.
ഗ്ലോബല്‍ വില്ലേജ് വെബ്സൈറ്റ് പ്രകാരം ടിക്കറ്റ് വിലകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒക്ടോബറില്‍ വെളിപ്പെടുത്തും. കഴിഞ്ഞ സീസണില്‍, പ്രവേശനം 25 ദിര്‍ഹത്തിന് ഇടയിലായിരുന്നു, 3 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും സൗജന്യ പ്രവേശനം നല്‍കിയിരുന്നു.
കഴിഞ്ഞ സീസണിലേത് പോലെത്തന്നെ ഇത്തവണയും ആകര്‍ഷങ്ങളായ പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഏകദേശം 40,000-ത്തിലധികം കലാ പ്രകടനങ്ങള്‍ക്കാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. 200ലധികം റൈഡുകളും വിനോദ ആകര്‍ഷണങ്ങളും കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ 3,500 ഷോപ്പിംഗ് ഔട്ട് ലെറ്റുകളും 250 ഡൈനിംഗ് ഓപ്ഷനുകളും ഉണ്ടായിരുന്നു. പാര്‍ക്കിന്റെ വ്യാപാരമുദ്രയായ ഏഴ് പുതുവത്സര കൗണ്ട് ഡൗണുകള്‍ ഉള്‍പ്പെടെയുള്ള വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ ഇത്തവണയും പ്രതീക്ഷിക്കാം.
1996-ല്‍ ദുബായ് ക്രീക്കില്‍ ഒരുപിടി പവലിയനുകളുമായി ആരംഭിച്ച ഗ്ലോബല്‍ വില്ലേജ് രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ആകര്‍ഷണങ്ങളിലൊന്നായി വളര്‍ന്നു. പരമ്പരാഗത കരകൗശല വസ്തുക്കള്‍, പാചകരീതികള്‍, സാംസ്‌കാരിക പ്രകടനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തിലൂടെ അവര്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ വാഗ്ദാനം ചെയ്യുന്ന 30 തീം പവലിയനുകള്‍ കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്നു.
കൊടും ചൂട് ഒഴിവാക്കുന്നതിനും അടുത്ത സീസണിനായി തയ്യാറെടുക്കുന്നതിനുമായി വേനല്‍ക്കാലത്ത് പാര്‍ക്ക് അടച്ചിരിക്കും. ഇത്തവണത്തെ പരിപാടികളെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വരും ആഴ്ചകളില്‍ വെളിപ്പെടുത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.