കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ത്യന്‍ വ്യവസായി അബു സബാഹിന്റെ പിഴ 150 മില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തി ദുബായ് കോടതി
യുഎഇയിലെ ഏറ്റവും വലിയ കള്ളപ്പണ കേസുകളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്

യുഎഇ: അബു സബാഹ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ വ്യവസായി ബല്‍വീന്ദര്‍ സിംഗ് സാഹ്നിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിഴ 150 മില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തി ദുബായ് അപ്പീല്‍ കോടതി. പ്രാദേശിക അറബി പത്രങ്ങളായ എമറാത്ത് അല്‍ യൂം, അല്‍ ഖലീജുമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയിലെ ഏറ്റവും വലിയ കള്ളപ്പണ കേസുകളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.
കേസില്‍ അഞ്ച് വര്‍ഷം തടവും 500,000 ദിര്‍ഹം വ്യക്തിഗത പിഴയും ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്തണമെന്ന മുന്‍വിധിയും കോടതി ശരിവച്ചു. 33 പ്രതികള്‍ ഉള്‍പ്പെട്ട ഈ കേസ്, രാജ്യത്ത് ഇതുവരെ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ഒന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഷെല്‍ കമ്പനികളുടെ ശൃംഖല സ്ഥാപിച്ച് സാഹ്നിയും കൂട്ടുപ്രതികളും യുഎഇക്കകത്തും പുറത്തും അനധികൃതമായി കോടികളുടെ പണമിടപാട് നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഒരു ക്രിമിനല്‍ ഗ്രൂപ്പിന്റെ ഭാഗമായി പണം വെളുപ്പിക്കല്‍, നിയമവിരുദ്ധമായ വസ്തുക്കള്‍ കൈവശം വയ്ക്കുക, മറച്ചുവെക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ ശിക്ഷിച്ചത്.
അന്വേഷണത്തിനിടെ പിടിച്ചെടുത്ത കമ്പ്യൂട്ടറുകള്‍, ഫോണുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ 150 മില്യണ്‍ ദിര്‍ഹം കണ്ടുകെട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട മൂന്ന് കമ്പനികള്‍ക്ക് 50 മില്യണ്‍ ദിര്‍ഹം വീതം പിഴ ചുമത്തുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് സാഹ്നിയും മകനും ഉള്‍പ്പെടെ 32 പേരെ ക്രിമിനല്‍ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. പതിനൊന്ന് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി അഞ്ച് വര്‍ഷം തടവുശിക്ഷ വിധിക്കുകയും മറ്റുള്ളവര്‍ക്ക് ഒരു വര്‍ഷം തടവും കുറഞ്ഞ പിഴയും വിധിക്കുകയും ചെയ്തു. ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ സാഹ്നിയും മറ്റ് പ്രതികളും നിരവധി അപ്പീലുകള്‍ ഫയല്‍ ചെയ്തുവെങ്കിലും അവയെല്ലാം അപ്പീല്‍ കോടതി തള്ളിക്കളഞ്ഞു.
ഒരിക്കല്‍ തന്റെ ആഡംബരപൂര്‍ണമായ ജീവിതത്തിന്റെ പേരില്‍ ദുബൈയിലെ വ്യവസായികള്‍ക്കിടയില്‍ പ്രശസ്തനായിരുന്ന വ്യക്തിയാണ് സാഹ്നി. ഭാഗ്യനമ്പറുകളോട് തല്‍പരനായിരുന്ന അദ്ദേഹം 2016ല്‍ ഏകദേശം 33 മില്യണ്‍ ദിര്‍ഹം ചെലവഴിച്ചാണ് തനിക്ക് പ്രിയപ്പെട്ട ഒറ്റയക്ക നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയത്.
ആര്‍എസ്ജി ഗ്രൂപ്പിന്റെ ചെയര്‍മാനെന്ന നിലയില്‍, സാഹ്നി പലപ്പോഴും പരമ്പരാഗത എമിറാത്തി വസ്ത്രവും ബേസ് ബോള്‍ തൊപ്പിയും ധരിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. കുവൈത്തിലെ ഒരു സമ്പന്ന ഇന്ത്യന്‍ കുടുംബത്തില്‍ ജനിച്ച സാഹ്നി, 2006-ല്‍ ആണ് ദുബായിലേക്ക് താമസം മാറുന്നത്. അതിന് മുമ്പ് സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസിലൂടെയാണ് അദ്ദേഹം പണം സമ്പാദിച്ചിരുന്നത്.