നബിദിനം: ദുബായില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ക്കും അവധി ബാധകമല്ല

ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് ദുബായില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഹിജ് റ 13 വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ദുബായ് സര്‍ക്കാര്‍ മാനവ വിഭവശേഷി വകുപ്പ് (DGHR) അറിയിച്ചു. ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ 2025 സെപ്റ്റംബര്‍ 8 തിങ്കളാഴ്ച പുനരാരംഭിക്കുമെന്നും വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
മതപരവും ദേശീയവുമായ ആഘോഷങ്ങളെക്കുറിച്ചുള്ള ദുബായ് സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് അവധി. ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും മനോഭാവം വളര്‍ത്തിയെടുക്കുന്നതിലൂടെ ജീവനക്കാരെ അവരുടെ കുടുംബങ്ങളോടൊപ്പം ഈ അനുഗ്രഹീത സന്ദര്‍ഭം ആഘോഷിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് അവധിയുടെ ലക്ഷ്യം.
അതേസമയം, അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ക്കും അവധി ബാധകമല്ല. പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴില്‍ സമയം അതത് വകുപ്പുകള്‍ക്ക് തീരുമാനിക്കാം.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, യുഎഇ ഭരണാധികാരികള്‍ എന്നിവര്‍ക്കും രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ദുബായ് ഗവണ്‍മെന്റ് മാനവ വിഭവശേഷി വകുപ്പ് ആശംസകള്‍ അറിയിച്ചു.