ദീപാവലി ആഘോഷത്തിനിടെ ദുബായില്‍ 18 കാരനായ മലയാളി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ ചെന്നിത്തല സ്വദേശി വൈഷ്ണവ് കൃഷ്ണകുമാര്‍ ആണ് മരിച്ചത്

ദുബായ്: ദീപാവലി ആഘോഷത്തിനിടെ ദുബായില്‍ 18 കാരനായ മലയാളി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചെന്നിത്തല സ്വദേശി വൈഷ്ണവ് കൃഷ്ണകുമാര്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റിയില്‍ ബിബിഎ മാര്‍ക്കറ്റിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് വൈഷ്ണവ്. വി.ജി കൃഷ്ണകുമാര്‍- വിധു കൃഷ്ണകുമാര്‍ ദമ്പതികളുടെ മകനാണ്. സഹോദരി വൃഷ്ടി കൃഷ്ണകുമാര്‍.

പഠനത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയത്തിലും അധ്യാപകരുടെ പ്രശംസ പിടിച്ചുപറ്റിയ വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്. നേരത്തെ ജെംസ് ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഹെഡ് ഓഫ് സ്‌കൂള്‍ കൗണ്‍സില്‍ ആയിരുന്നു വൈഷ്ണവ്. കൂടാതെ മോഡല്‍ യുണൈറ്റഡ് നേഷന്‍സ് ക്ലബ്ബിന്റെയും ഡിബേറ്റിങ് സൊസൈറ്റിയുടെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈഷ്ണവിന്റെ മാതാവ് ഇതേ സ്‌കൂളിലെ അധ്യാപികയാണ്. 2024 ലെ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ 97.4 ശതമാനം മാര്‍ക്ക് നേടി എല്ലാ വിഷയങ്ങള്‍ക്കും എ-വണ്‍ ഗ്രേഡ് നേടിയിരുന്നു. മാര്‍ക്കറ്റിങ്, എന്റര്‍പ്രണര്‍ഷിപ്പ് വിഷയങ്ങളില്‍ നൂറില്‍ നൂറ് മാര്‍ക്കും നേടി. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ വൈഷ്ണവിന് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

ഒട്ടേറെ കമ്പനികളില്‍ ഇന്റേര്‍ഷിപ്പുകള്‍ പൂര്‍ത്തിയാക്കിയ വൈഷ്ണവിന് സംരംഭകനാവാനായിരുന്നു ആഗ്രഹം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. വൈഷ്ടണവിന് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രാഥമിക പരിശോധനയില്‍ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് അറിയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരാനായി കാത്തിരിക്കുകയാണെന്നും ബന്ധുക്കള്‍ പറയുന്നു.

വൈഷ്ണവ് ഒരു സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു. 'ഒരു ആഴ്ച മുമ്പ്, അദ്ദേഹം തൊഴിലുടമയോട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുകയും മൂന്ന് മാസത്തെ അവധി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തൊഴിലുടമ വേണമെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം എന്ന് അറിയിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നത്. ദുബായിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി വൈഷ്ണവിന് ആദരാഞ്ജലി അര്‍പ്പിച്ചു.

Related Articles
Next Story
Share it