നിറങ്ങളാല്‍ വിസ്മയം തീര്‍ത്ത് ബുര്‍ജ് ഖലീഫ; ഇംഗ്ലീഷിലും ഹിന്ദിയിലും ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസ നേര്‍ന്നു

യുഎഇയുടെ ബഹുസാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായി മാറി ഇത്

ദുബായ്: ദീപാവലി ദിവസം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരം സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും ദീപമായി മാറി. തിങ്കളാഴ്ച രാത്രി ദീപാവലിയെ അടയാളപ്പെടുത്തുന്ന മനോഹരമായ പ്രദര്‍ശനത്തോടെയാണ് ബുര്‍ജ് ഖലീഫ പ്രകാശിച്ചത്. ദുബൈയുടെ ഈ ഐക്കോണിക് നിര്‍മ്മിതിയില്‍ യുഎഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇംഗ്ലീഷിലും ഹിന്ദിയിലും സന്തോഷകരമായ ദീപാവലി ആശംസിച്ചു.

828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയിലെ അതിമനോഹരമായ പ്രദര്‍ശനം യുഎഇയിലെ വൈവിധ്യമാര്‍ന്ന സമൂഹത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍ കൈമാറി. 'ദീപങ്ങളുടെ ഉത്സവം സന്തോഷവും സൗഹാര്‍ദ്ദവും ഐശ്വര്യവും നല്‍കുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ദീപാവലി ആശംസകള്‍,' എന്നായിരുന്നു ഇംഗ്ലീഷ് സന്ദേശം. തുടര്‍ന്ന്, ഗോപുരം സമാനമായ ആശയം ഹിന്ദിയില്‍ പ്രദര്‍ശിപ്പിച്ചു, എല്ലാവര്‍ക്കും 'റോഷ്‌നി കാ ത്യോഹാര്‍' (വിളക്കുകളുടെ ഉത്സവം) ആശംസിച്ചു. ഇത് യുഎഇയുടെ ബഹുസാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായി മാറി.

'ബുര്‍ജ് ഖലീഫ വിളക്കുകളുടെ ഉത്സവത്തിന്റെ ആഘോഷത്തില്‍ തിളങ്ങുന്നു. ഈ വേളയില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു'- എന്നാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് എമാർ(EMAAR) കുറിച്ചത്.

Related Articles
Next Story
Share it