അബുദാബിയിലെ ബിഗ് ടിക്കറ്റ് റാഫിള്‍ ഡ്രോയില്‍ ഇന്ത്യന്‍ പ്രവാസിക്ക് സമ്മാനമായി ലഭിച്ചത് 33 കോടിയിലേറെ രൂപ

ഷിപ്പിംഗ് മേഖലയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ഉത്തര്‍ പ്രദേശ് സ്വദേശി സന്ദീപ് കുമാര്‍ പ്രസാദ് ആണ് ആ ഭാഗ്യവാന്‍

അബുദാബി: ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന അബുദാബിയിലെ ബിഗ് ടിക്കറ്റ് റാഫിള്‍ ഡ്രോയില്‍ ഇന്ത്യന്‍ പ്രവാസിക്ക് സമ്മാനമായി ലഭിച്ചത് 15 മില്യണ്‍ ദിര്‍ഹം(ഏകദേശം 33 കോടിയിലേറെ രൂപ). ഒരു ബംഗ്ലാദേശി സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ച് ടിക്കറ്റ് എടുത്തു തുടങ്ങിയ ഇന്ത്യന്‍ പ്രവാസിയുടെ ജീവിതം സമ്മാനം അടിച്ചതോടെ എന്നെന്നേക്കുമായി മാറ്റിമറിച്ചു.

ഷിപ്പിംഗ് മേഖലയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ഉത്തര്‍ പ്രദേശ് സ്വദേശി സന്ദീപ് കുമാര്‍ പ്രസാദ്(30) ആണ് ആ ഭാഗ്യവാന്‍. മാര്‍ച്ച് മാസത്തിലെ നറുക്കെടുപ്പില്‍ 20 മില്യണ്‍ ദിര്‍ഹം ബിഗ് ടിക്കറ്റ് വിജയിയായ ബംഗ്ലാദേശുകാരനായ സുഹൃത്ത് ജഹാംഗീര്‍ ആലമിന്റെ ഉപദേശം സ്വീകരിച്ചാണ് അദ്ദേഹം ടിക്കറ്റ് എടുത്ത്. വിജയിയായതോടെ സന്ദീപ് കുമാര്‍ സുഹൃത്തിന് നന്ദി പറഞ്ഞു.

'ബിഗ് ടിക്കറ്റിനെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹം കാരണമാണ് ഞാന്‍ എന്റെ ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങിയതും ടിക്കറ്റുകള്‍ വാങ്ങിയതും,' എന്നാണ് സന്ദീപ് ബിഗ് ടിക്കറ്റ് സ്റ്റുഡിയോയില്‍ നടന്ന ഒരു ചാറ്റില്‍ ഷോ അവതാരകനായ റിച്ചാര്‍ഡിനോട് പറഞ്ഞത്.

എല്ലാ മാസവും ടിക്കറ്റ് വാങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, സന്ദീപിന് മൂന്ന് നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ഓഗസ്റ്റ് 19 ന് വാങ്ങിയ 200669 എന്ന ടിക്കറ്റ് നമ്പറിനാണ് 15 മില്യണ്‍ ദിര്‍ഹം സമ്മാനം ലഭിച്ചത്. ഇതോടെ സന്ദീപിന്റെ സ്ഥിരോത്സാഹത്തിന് ഫലം കണ്ടു.

'കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ ടിക്കറ്റ് വാങ്ങുകയാണ്. സുഹൃത്തുക്കളായ 19 പേരുമായി പങ്കിട്ടാണ് ടിക്കറ്റ് വാങ്ങുന്നത്' എന്ന് സന്ദീപ് പറയുന്നു. സെപ്റ്റംബര്‍ 3 ന് വിജയിയായ വിവരം അറിയിച്ച് കോള്‍ വന്നപ്പോള്‍, സന്ദീപ് തന്റെ കുടുംബത്തോട് സംസാരിക്കുകയായിരുന്നു. സമ്മാനം ലഭിച്ച വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷമായി' എന്നാണ് സന്ദീപ് പറയുന്ന്.

എന്നാല്‍ നാട്ടിലുള്ള തന്റെ രോഗിയായ പിതാവിനെക്കുറിച്ച് പറഞ്ഞതോടെ അദ്ദേഹം വികാരാതീതനായി. ഇന്ത്യയിലേക്ക് മടങ്ങാന്‍ പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷമായി ദുബായില്‍ താമസിക്കുന്ന സന്ദീപ് തന്റെ പിതാവിന് ഏറ്റവും മികച്ച ചികിത്സ നല്‍കുമെന്നും അറിയിച്ചു. സ്റ്റുഡിയോ ചാറ്റിനിടെ വികാരാധീനനായ സന്ദീപിനെ റിച്ചാര്‍ഡ് ആശ്വസിപ്പിച്ചു.

രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ഉള്ള സന്ദീപ് വിവാഹിതനാണ്. തന്റെ സുഹൃത്തിന്റെ ഉപദേശത്തിനും പുതുതായി ലഭിച്ച സമ്പത്തിനും താന്‍ വളരെയധികം നന്ദിയുള്ളവനാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ടെക്‌നീഷ്യനില്‍ നിന്ന് കോടീശ്വരനിലേക്കുള്ള യാത്ര അവിശ്വസനീയമായി തോന്നുന്ന സന്ദീപ് മറ്റുള്ളവര്‍ക്ക് നല്‍കുന്ന സന്ദേശം ഇതാണ്: 'നിങ്ങള്‍ ടിക്കറ്റ് വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ സ്വയം ഒരു കോടീശ്വരനാകാനുള്ള അവസരം സൃഷ്ടിക്കുകയാണ്. നിങ്ങള്‍ക്ക് ഫലങ്ങള്‍ കാണാന്‍ കഴിയും - ഞാന്‍ 15 മില്യണ്‍ ദിര്‍ഹം നേടി! ഒന്ന് ശ്രമിച്ചു നോക്കൂ.'

Related Articles
Next Story
Share it