റോഡ് നിയമം കര്‍ശനമാക്കി കുവൈത്ത്; പരിശോധന വ്യാപകം; നിയമ ലംഘനത്തിന് അറസ്റ്റിലായത് നിരവധി പേര്‍

934 ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: റോഡ് നിയമം കര്‍ശനമാക്കി കുവൈത്ത്. പ്രധാന റോഡുകളിലും ഹൈവേകളിലും ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപകമായ ട്രാഫിക്, സുരക്ഷാ പരിശോധനയില്‍ നിരവധി പേര്‍ അറസ്റ്റിലാവുകയും ആയിരത്തിനടുത്ത് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ട്രാഫിക് ആന്റ് ഓപ്പറേഷന്‍സ് വിഭാഗം, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, എമര്‍ജന്‍സി പൊലീസ്, സ്വകാര്യ സുരക്ഷാ വിഭാഗം എന്നിവയുടെ ഏകോപനത്തിലാണ് പരിശോധന നടന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍-യൂസഫിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു നടപടി.

ട്രാഫിക്, തൊഴില്‍, താമസ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതാണ് നടപടിയുടെ ലക്ഷ്യം. വ്യാഴാഴ്ച പുലര്‍ച്ചെ തുടങ്ങിയ പരിശോധനയില്‍ 934 ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 13 പേരെ അറസ്റ്റ് ചെയ്തു. താമസരേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്ന ആറുപേരെയും വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ ഒമ്പത് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ മുന്‍കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. ഇതിനിടെ ലൈസന്‍സില്ലാതെ വാഹനം ഓടിച്ച മൂന്ന് കുട്ടികളെയും മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്ന ഒരാളെയും പൊലീസ് പിടികൂടി. രാജ്യത്ത് നിയമലംഘനങ്ങള്‍ തടയുന്നതിനായി ഇത്തരം പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈത്തിന്റെ സുരക്ഷയും സാമൂഹിക സ്ഥിരതയും നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് ഏതെങ്കിലും ക്രമക്കേടുകളോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം ഉടന്‍ തന്നെ അറയിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അധികാരികള്‍ അഭ്യര്‍ത്ഥിച്ചു.

Related Articles
Next Story
Share it