കാസര്‍കോട് 14 ജില്ലകളില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന ജില്ലയായി തുടരുകയാണെന്ന അഭിപ്രായമാണ് കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താനുള്ളത്. ഈ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്നു വേളയില്‍ പ്രഭാകരന് കമ്മീഷനെ വെച്ചത്. കാസര്‍കോട് പാക്കേജ് എന്ന പേരില്‍ പ്രഭാകരന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മാത്രമേ ഇനി കാസര്‍കോടിന് വികസന രംഗത്ത് മുന്നേറാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറയുന്നു. ജില്ലയിലെ സമസ്ത മേഖലകളിലെയും പിന്നോക്കാവസ്ഥ മാറണമെങ്കില്‍ 11123.66 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അത് നടപ്പാക്കുക മാത്രമാണ് ജില്ലയുടെ വികസനത്തിന് അഭികാമ്യം. ഈ പാക്കേജില്‍ ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റം ആവശ്യമായി ചൂണ്ടിക്കാട്ടുന്നത് ആരോഗ്യമേഖല തന്നെയാണ്. ജില്ലക്ക് നല്ലൊരു ആസ്പത്രിയില്ല, വിദഗ്ധ ഡോക്ടര്‍മാരില്ല, ട്രോമാകെയര്‍ സെന്ററുകളില്ല, സ്പെഷ്യാലിറ്റി ഡോക്ടര്‍മാരില്ല. ഇതിനൊക്കെ പരിഹാരം കാണണമെങ്കില്‍ കമ്മീഷന് നിര്‍ദ്ദേശം അടിയന്തരമായി നടപ്പിലാക്കണം. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഇവിടെ നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തിരിച്ച് ഡെപ്യൂട്ടേഷന് വഴി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നത് സ്ഥിരമാണ്. ഇങ്ങനെ ജീവനക്കാര്‍ സ്ഥലം മാറ്റം വാങ്ങി പോകുമ്പോള്‍ ആ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. 2688 കോടി രൂപ ആരോഗ്യമേഖലയില്‍ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ചെലവഴിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് നല്‍കിയിട്ട് നാളേറെയായി. ഇനിയും ഒരു തീരുമാനവും വന്നില്ല. ഇതുവരെ ഒരു ട്രോമാകെയര്‍ സെന്റര്‍ പോലും വന്നില്ല. ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അല്ലാതെ മറ്റൊന്നും പൂര്‍ത്തിയായിട്ടില്ല. ടാറ്റാ നിര്‍മ്മിച്ച ആസ്പത്രിയില്‍ 500 കിടക്കകള്‍ ഉണ്ട്. 120 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ചികിത്സിക്കാന്‍ ഡോക്ടര്‍മാരോ ഉപയോഗിക്കാന്‍ വെന്റിലേറ്ററോ ഓക്സിജനോ ഒന്നുമില്ല. 120 കിടക്കകള്‍ ശൂന്യമായി കിടക്കുന്നു. ഒരു സൂപ്രണ്ടിനെ പോലും നിയമിച്ചിട്ടില്ല. ഇതൊക്കെ ഒരുങ്ങിയാല്‍ തന്നെ ജില്ല വികസന രംഗത്ത് മുന്നേറും. മറ്റൊരു പ്രധാന പ്രശ്നം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷമതകള്‍ തന്നെയാണ്. അവരെ പുനരധിവസിപ്പിക്കാനും ഒരു പാക്കേജ് അത്യാവശ്യമാണ്. പാര്‍ലമെന്റില്‍ മൂന്നുതവണയാണ് താന്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി സംസാരിച്ചത്. ഇവിടെ ഈ രോഗം എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടവും ജനങ്ങളും രണ്ട് അഭിപ്രായക്കാരാണ്. ഈ കാരണങ്ങള്‍ കണ്ടെത്താന്‍ അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണങ്ങള്‍ നടക്കണം. ഇത്തരം ഗവേഷണം നടക്കണമെങ്കില്‍ അന്താരാഷ്ട്ര നിലവാരമുള്ള ആസ്പത്രികളും ഉയരണം.
കേരളത്തില്‍ ഒരു എയിംസ് അനുവദിച്ചിട്ടുണ്ട്. അതിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത് കോഴിക്കോട് സ്ഥാപിക്കണമെന്നാണ്. കോഴിക്കോട് വലിയൊരു ഗവ. മെഡിക്കല്‍ കോളേജ് ഉണ്ട്. അതുകൂടാതെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആസ്പത്രികള്‍ ഉണ്ട്. മറ്റ് നിരവധി ആതുരസേവന കേന്ദ്രങ്ങള്‍ ഉണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. കോഴിക്കോട് തന്നെ വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ജില്ലയുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് കാസര്‍കോട് തന്നെ എയിംസ് വരണമെന്നാണ് അഭിപ്രായം. ഇത്തരം ഗവേഷണങ്ങള്‍ നടത്താനും ഇതുപകരിക്കും. വികസനത്തിന് തടസ്സമായി നില്‍ക്കുന്നത് ഭൂമിയുടെ പ്രശ്നമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഭൂമിയുള്ള ഒരു ജില്ലയെന്നത് കാസര്‍കോടിന് ലഭിച്ച അനുഗ്രഹമാണ്. എന്നിട്ടും ഈ ഭൂമി പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് കാസര്‍കോടിന്റെ ഏറ്റവും വലിയ ശാപം. എടുത്തുകാട്ടാന്‍ വലിയ വ്യവസായങ്ങള്‍ ഇല്ലെന്നതും കാസര്‍കോടിന് വലിയ കുറവു തന്നെ. ഭെല്‍-ഇ.എം.എല്ലിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ അനിശ്ചിതാവസ്ഥ അടുത്തകാലത്താണ് നീങ്ങിയത്. നിരന്തരം ശബ്ദിച്ചപ്പോഴാണ് കേരള സര്‍ക്കാരിന് 51 ശതമാനം ഷെയര്‍ നല്കാന് തീരുമാനിച്ചത്. ഇതൊഴിച്ചാല്‍ മറ്റെന്ത് വ്യവസായമാണ് കാസര്‍കോട് ഉള്ളത്. എ.കെ ആന്റണി കേന്ദ്രമന്ത്രി യായിരുന്നപ്പോള്‍ പ്രഖ്യാപിച്ച എച്ച്.എ.എല്‍ ചത്തതിനൊക്കുമോ ജീവിച്ചിരിപ്പിലും എന്ന നിലയിലാണ്. കൂടുതല്‍ വ്യവസായങ്ങള്‍ വന്നാല്‍ മാത്രമേ ജില്ല വികസിക്കുകയുള്ളൂ. ജില്ലയിലെ മറ്റൊരു പ്രധാനപ്രശ്നമുള്ളത് മത്സ്യത്തൊഴിലാളി മേഖലയിലാണ്. കേരളത്തിലെ ഏറ്റവും കൂടുതല്‍ തീരദേശം ഉള്ള ജില്ല എന്ന നിലയില്‍ നാം അഭിമാനിക്കുമ്പോള്‍ കടല്‍ ഭിത്തികള്‍ ഇല്ലാത്ത ജില്ല എന്ന ന്യൂനത ചൂണ്ടിക്കാട്ടേണ്ടതാണ്. വര്‍ഷത്തില്‍ ഇടവപ്പാതിയും തുലാവര്‍ഷവും വരുമ്പോള്‍ കടലാക്രമണം കൊണ്ട് തീരം ദുരിതമനുഭവിക്കുന്നു.
മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതികൂല കാലാവസ്ഥ കാരണം കടലില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണപ്പോള് ഉണ്ടാകുന്നത്. ഇത് പരിഹരിക്കാന്‍ ഹാര്‍ബര്‍ നിര്‍മ്മിക്കണം. നേരത്തെ അജാനൂരില്‍ ഒരു സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. പക്ഷെ ഒരു പ്രവര്‍ത്തനവുമില്ല. അജാനൂര്‍ ഹാര്‍ബര്‍ സ്ഥാപിക്കണം. പ്രതികൂല കാലാവസ്ഥയിലും മത്സ്യതൊഴിലാളികള്‍ കടലില്‍ പോയി അവരുടെ ഉപജീവനം നടത്താന്‍ ഉപകരിക്കും. തീരദേശവാസികളുടെ ഏറ്റവും വലിയ മറ്റൊരു പ്രശ്നം കടല്‍ഭിത്തി ഇല്ലാത്തതാണ്. പടുകൂറ്റന്‍ പാറക്കല്ലുകള്‍ മംഗളൂരുവില്‍ നിന്നും കൊണ്ടുവന്ന് തീരദേശത്തെ സംരക്ഷിക്കണം. കടലാക്രമണത്തെത്തുടര്‍ന്ന് തീരദേശത്ത് താമസിക്കാന്‍ പറ്റാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ പുനര്‍ഗേഹം പദ്ധതിയില്‍ 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ആറ് ലക്ഷം രൂപ സ്ഥലത്തിനും നാല് ലക്ഷം വീടിനുമാണ്. എന്നാല്‍ പുനര്‍ഗേഹം പദ്ധതിയില്‍ 20 ലക്ഷം രൂപ അനുവദിക്കണം.
റെയില്‍വേ യാത്രയും ജില്ലയുടെ പ്രധാന പ്രശ്നമാണ്. റെയില്‍പാത മുറിച്ചു കടക്കുന്നതും വലിയ പ്രശ്നമാണ്. റെയില്‍വേ നിര്‍മിച്ച നിരവധി അടിപ്പാതകള്‍ അശാസ്ത്രീയ മായതിനാല്‍ ജനങ്ങള്‍ക്ക് അത് ഉപയോഗിക്കാന്‍ കഴിയുന്നില്ല. മഴക്കാലമായാല്‍ കിണറിനെക്കാളും വെള്ളം കയറി അപകടമുണ്ടാക്കുന്നു. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രിയുമായി സംസാരിച്ചപ്പോള്‍ അശാസ്ത്രീയമായ അടിപ്പാതകള്‍ക്ക് പകരം പുതിയ ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മ്മിക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്.
തീവണ്ടികളുടെ സ്റ്റോപ്പ് ഇല്ലാത്തതും ജില്ല അനുഭവിക്കുന്ന വലിയ പ്രശ്നമാണ്. കോവിഡ് കാലമായതോടെ പല തീവണ്ടികളും ഓട്ടം നിര്‍ത്തിയെങ്കിലും ഭാവിയില്‍ സ്റ്റോപ്പുകള്‍ വേണ്ടത് അത്യാവശ്യം തന്നെയാണ്. അതിനായി റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
ഷൊര്‍ണൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള മെമു ട്രെയിന്‍ സര്‍വീസ് മംഗളൂരുവിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട കത്ത് ഇപ്പോഴും പരിഗണനയിലാണ്. ഷൊര്‍ണൂരില്‍ നിന്നും കണ്ണൂരില്‍ എത്തുന്ന ട്രെയിന്‍ 8 മണിക്കൂര്‍ ആണ് കണ്ണൂരില്‍ വെറുതെ കിടക്കുന്നത്. ഈ സമയം കൊണ്ട് മംഗളൂരുവില്‍ പോയി ജില്ലക്കാരുടെ യാത്രാപ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിയും. അതിനിടെ വിചിത്രമായ മറ്റൊരു കാര്യം ജീവനക്കാരെയും കൊണ്ട് മഞ്ചേശ്വരം വരെ ഓടുന്നുണ്ടെന്നതാണ്. നിരവധി സര്‍വ്വേകള്‍ നടത്തി ലാഭകരമാണെന്ന് വ്യക്തമായിട്ടും കാഞ്ഞങ്ങാട്-കാണിയൂര്‍ പാത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ പദ്ധതി നഷ്ടമാകുന്ന രീതിയിലേക്ക് നീങ്ങുകയാണ്. സര്‍ക്കാര്‍ സമ്മതപത്രം നല്‍കാത്തതിനാലാണ് പദ്ധതി തന്നെ നഷ്ടപ്പെടാന്‍ പോകുമെന്ന ആശങ്കയുണ്ടാക്കുന്നത്. കത്ത് നല്‍കിയെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ റെയില്‍വേ കമ്മിറ്റി അംഗം കൂടിയായ തനിക്ക് ലഭിച്ച വിവരമനുസരിച്ച് സര്‍ക്കാര്‍ നല്കിയ കത്ത് ഭാഗികം മാത്രമാണ്.
കേരള ഭാഗത്തുള്ള 41 കിലോമീറ്റര്‍ പാതയ്ക്ക് സ്ഥലം എടുത്തു കൊടുക്കുന്നതിനുള്ള തുക നല്‍കാമെന്ന് മാത്രമേ കത്തിലുള്ളൂ. നിര്‍മ്മാണത്തിന് വേണ്ടി തുക നല്‍കാമെന്ന് കത്തില്‍ പറയാത്തത് പദ്ധതി തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പോസിറ്റീവായി ചിന്തിച്ചാല്‍ ജില്ലക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. രണ്ട് മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത ജില്ലയില്‍ നിന്ന് ഒരു മന്ത്രിയില്ലാത്തത് വികസനത്തെ ഏറെ ബാധിക്കും.