മഞ്ചേശ്വരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി എസ് പി സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ബി ജെ പി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും 15,000 രൂപ വിലവരുന്ന റെഡ്മി ഫോണും നല്‍കിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന് നല്കിയ പരാതിയിലാണ് മൊഴിയെടുത്തത്.
ഞായര്‍ വൈകീട്ട് മൂന്നോടെ സ്വയം മൊഴി നല്കാന് സുന്ദര ബദിയടുക്ക സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കാസര്‍കോട് ഡി വൈ എസ് പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ ബദിയഡുക്ക ഇന്‍സ്പെക്ടര്‍ കെ.സലീം സുന്ദരയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. ബി ജെ പി നേതാക്കള്‍ വീട്ടിലെത്തി തന്റെ അമ്മയുടെ കൈവശം രണ്ട് ലക്ഷം രൂപയും തനിക്ക് 50,000 രൂപയും നല്‍കിയെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍.
വീട്ടിലെത്തി പണം കൈമാറിയ നേതാക്കളുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കെ. സുന്ദരയുടെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം ഇദ്ദേഹത്തിനും മാതാവിനും ബിജെപി പ്രവര്‍ത്തകരുടെ ഭീഷണിയുള്ളതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സുന്ദരക്ക് മൂന്നു പോലീസുകാരുടെ സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.