കാഞ്ഞങ്ങാട്: വാടക പോലും നല്‍കാനാകാതെ ദുരിതത്തിലായ നിര്‍ധന കുടുംബത്തിന് സാന്ത്വനമായി പൊലീസ് അസോസിയേഷനും പിങ്ക് പൊലീസും. കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന യമുനക്കും മക്കള്‍ക്കുമാണ് പൊലീസ് തുണയായത്. പിങ്ക് പൊലീസ് യമുനയും മക്കളും താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സില്‍ സന്ദര്‍ശനം നടത്തിയതോടെയാണ് വാടക പോലും കൊടുക്കാന്‍ നിര്‍വാഹമില്ലാത്ത കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലാക്കിയത്. ഇതിനിടെ പിങ്ക് പട്രോള്‍ ഓഫീസര്‍ സക്കീനത്താവി കനകപള്ളിയിലെ ഡോ.സജി 50 സെന്റ് സ്ഥലം പത്ത് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന വിവരം അറിഞ്ഞു. ഉടന്‍ തന്നെ യമുനയുടെ കുടുംബത്തെയും പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സക്കീനത്താവി അപേക്ഷ നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 5 സെന്റ് ഭൂമി പ്രസ്തുത കുടുംബത്തിന് ലഭിക്കുകയും ചെയ്തു.
എന്നാല്‍ ഈ സ്ഥലം സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ കുടുംബം വീണ്ടും പിങ്ക് പട്രോള്‍ വഴി കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയെ സമീപിച്ചതിനാല്‍ അസോസിയേഷന്റെ 34-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആവശ്യമായ രജിസ്ട്രേഷന്‍ തുക നിര്‍ദ്ധന കുടുംബത്തിന് നല്‍കാന്‍ തീരുമാനിക്കുകയും ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന തുക കുടുംബത്തിന് കൈമാറുകയും ചെയ്തു. അഡീഷണല്‍ എസ്.പി ഹരിശ്ചന്ദ്ര നായ്ക്ക്, പിങ്ക് നോഡല്‍ ഓഫിസര്‍ ഡി.വൈ.എസ്.പി സതീഷ് കുമാര്‍ ആലക്കാല്‍, എസ്.ബി ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, കെ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.വി പ്രദീപന്‍, കെ.പി.എ ജില്ലാ സെക്രട്ടറി എ.പി സുരേഷ്, ജില്ലാ പ്രസിഡണ്ട് ബി. രാജ്കുമാര്‍, ജില്ലാ ട്രഷറര്‍ രജീഷ് കെ.ടി, പിങ്ക് പട്രോള്‍ ഓഫീസര്‍ സക്കീനത്താവി എന്നിവര്‍ പങ്കെടുത്തു.