കൊച്ചി: മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ കൊച്ചിയില്‍ നിശാ പാര്‍ട്ടികള്‍ക്ക് കടിഞ്ഞാണിടാന്‍ പോലീസ് നീക്കം. നഗരത്തിലെ ഹോട്ടലുകളില്‍ നടക്കുന്ന നിശാപാര്ട്ടികള്ക്കുമേല് പിടിമുറുക്കുന്നതിന്റെ ഭാഗമായി പോലീസ് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരും. പാര്‍ട്ടികളുടെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്ന് ഉപയോഗവും കൈമാറ്റവും നടക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
പോലീസിനെ മുന്‍കൂട്ടി അറിയിച്ച് അനുവാദം വാങ്ങുക, പങ്കെടുക്കുന്നവരുടെ എണ്ണം അറിയിക്കുക, എല്ലായിടത്തും കാമറകള്‍ സ്ഥാപിക്കുക, ദൃശ്യം ഒരു മാസം വരെ സൂക്ഷിക്കുക തുടങ്ങിയ വ്യവസ്ഥകളോടെ മാത്രം നിശാപാര്‍ട്ടി അനുവദിക്കാനാണ് തീരുമാനം. വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും.
പോലീസ് റെയ്ഡിനെ തുടര്‍ന്ന് എറണാകുളം നഗരത്തിലെ മൂന്ന് ഹോട്ടലുകള്‍ ഡി.ജെ. പാര്‍ട്ടി നിര്‍ത്തിയിരുന്നു. മോഡലുകളുടെ അപകടമരണത്തേ തുടര്‍ന്ന് വിവാദത്തിലായ ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലിലും ഡി.ജെ. പാര്‍ട്ടി നിര്‍ത്തുകയാണ്. ബാര്‍ ലൈസന്‍സ് സസ്പെന്ഷന് പിന്‍വലിച്ചാലും ഇവിടെ ഡി.ജെ. പാര്‍ട്ടി ഉണ്ടാവില്ലെന്നാണ് സൂചന.
ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങവെയാണ് കാര്‍ അപകടത്തില്‍ പെട്ട് മിസ് കേരള 2019 അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന ഷാജന്, സുഹൃത്ത് ആഷിഖ് എന്നിവര്‍ മരിച്ചത്. കാറോടിച്ച അബ്ദുര്‍ റഹ് മാന്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കേസില്‍ ഹോട്ടലുടമ റോയ് വയലാട്ടുംസുഹൃത്തുമടക്കം അന്വേഷണ പരിധിയിലാണ്.