പൂഞ്ഞാര്‍: ഇത് പിണറായി വിജയന്റെ വിജയമെന്ന് പൂഞ്ഞാറില്‍ മത്സരിച്ച് കേരള ജനപക്ഷം നേതാവ് തോറ്റ പി സി ജോര്‍ജ്. നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയം മുഖ്യമന്ത്രി പിണറായി വിജയന്റെ ജയമാണ്. കോവിഡ് മഹാമാരിയുടെ കാലത്തും രണ്ടു പ്രളയ കാലത്തും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവരുടെ വിജയത്തിനു വലിയ തുണയായി മാറി. പി സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറിലെ തോല്‍വിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ഒരു സമുദായത്തിലെ വലിയൊരു വിഭാഗവും തനിക്ക് എതിരായിരുന്നിട്ടും രണ്ടാം സ്ഥാനത്ത് എത്തിയെന്നത് ചെറിയ കാര്യമല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ 11,404 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എമ്മിലെ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ വിജയിച്ചത്. നേരത്തെ തെരഞ്ഞെടുപ്പു നടന്നതിനു പിന്നാലെ ജോര്‍ജിന്റെ അനുയായികള്‍ പടക്കം പൊട്ടിച്ചു വിജയം ആഘോഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. തന്റെ വിജയം ഉറപ്പാണെന്നും മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി ജയിക്കുമെന്നും ജോര്‍ജ് അവസാന നിമിഷം വരെ അവകാശപ്പെട്ടിരുന്നു.
സംസ്ഥാനത്ത് തൂക്കുസഭയായിരിക്കും വരികയെന്നും താനും ബിജെപിയും ചേര്‍ന്ന് ആര് ഭരിക്കുമെന്ന് തീരുമാനിക്കുമന്നുമായിരുന്നു കഴിഞ്ഞ ദിവസം പി സി പറഞ്ഞത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.