കടലാസ് വില റെക്കോര്‍ഡ് ഉയരത്തില്‍; പ്രിന്റിംഗ് പ്രസുകള്‍ നിലനില്‍പിനായുള്ള പോരാട്ടത്തില്‍

കാസര്‍കോട്: കടലാസിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും ദിനം പ്രതിയുള്ള വില വര്‍ധനവും ക്ഷാമവും പ്രിന്റിംഗ് പ്രസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കനത്ത നഷ്ടമുണ്ടായ അച്ചടി മേഖല, രോഗവ്യാപനത്തിന് ശമനമുണ്ടാവുകയും നിയന്ത്രണങ്ങളില്‍ ഇളവ് വരുകയും ചെയ്തതോടെ വലിയ പ്രതീക്ഷയിലായിരുന്നു. സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിച്ചതും ജനജീവിതം സാധാരണ നിലയിലേക്ക് വന്നതും പ്രസുകള്‍ക്ക് പുതുജീവന്‍ നല്‍കുമെന്ന് കരുതിയിരുന്നു. എന്നാല്‍ കടലാസിനും അച്ചടി സാമഗ്രികള്‍ക്കും ഭീമമായ തോതില്‍ വില ഉയര്‍ന്നത് തിരിച്ചടിയായി. ആഗോള വിപണിയില്‍ കടലാസിന് ആവശ്യം വര്‍ധിച്ചതാണ് വില വര്‍ധനവിന്റെ […]

കാസര്‍കോട്: കടലാസിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും ദിനം പ്രതിയുള്ള വില വര്‍ധനവും ക്ഷാമവും പ്രിന്റിംഗ് പ്രസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കനത്ത നഷ്ടമുണ്ടായ അച്ചടി മേഖല, രോഗവ്യാപനത്തിന് ശമനമുണ്ടാവുകയും നിയന്ത്രണങ്ങളില്‍ ഇളവ് വരുകയും ചെയ്തതോടെ വലിയ പ്രതീക്ഷയിലായിരുന്നു.
സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിച്ചതും ജനജീവിതം സാധാരണ നിലയിലേക്ക് വന്നതും പ്രസുകള്‍ക്ക് പുതുജീവന്‍ നല്‍കുമെന്ന് കരുതിയിരുന്നു. എന്നാല്‍ കടലാസിനും അച്ചടി സാമഗ്രികള്‍ക്കും ഭീമമായ തോതില്‍ വില ഉയര്‍ന്നത് തിരിച്ചടിയായി. ആഗോള വിപണിയില്‍ കടലാസിന് ആവശ്യം വര്‍ധിച്ചതാണ് വില വര്‍ധനവിന്റെ പ്രധാന കാരണം. കോവിഡിന് തൊട്ടുമുമ്പുണ്ടായിരുന്നതിനേക്കാള്‍ 70 ശതമാനത്തോളം വര്‍ധനവാണ് കടലാസിന് ഉണ്ടായത്.
ഇന്ത്യന്‍ പേപ്പര്‍ മില്ലുകളുടെ എ ഗ്രേഡ് പേപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്. പേപ്പര്‍ നിര്‍മ്മാണത്തിനുള്ള പാഴ്കടലാസ് ആവശ്യത്തിന് ലഭിക്കാത്തത് മില്ലുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു.
ഉയര്‍ന്ന വില നല്‍കിയാണ് റോമെറ്റീരിയല്‍ ശേഖരിക്കുന്നതാണ് വില വര്‍ധിപ്പിക്കാനുള്ള ന്യായീകരണമായി മില്ലുകള്‍ പറയുന്നത്.
കോവിഡിനെ തുടര്‍ന്ന് നിലച്ച കടലാസ് ഇറക്കുമതി ഇനിയും പുനരാരംഭിക്കാത്തതും വില വര്‍ധനവിന് ആക്കം കൂട്ടുന്നു. മഷി, കെമിക്കല്‍സ്, പ്ലേറ്റ് മുതലായ അച്ചടി അനുബന്ധ സാമഗ്രികള്‍ക്കും വില ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ ക്വട്ടേഷന്‍ എടുത്ത് അച്ചടി ചെയ്ത് വരുന്നവര്‍ക്ക് അടിക്കടിയുള്ള വിലവര്‍ധനവില്‍ ജോലി പൂര്‍ത്തീകരിച്ച് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. അച്ചടി മേഖല വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ജി.എസ്.ടി നിരക്ക് 18 ശതമാനമാക്കി ഉയര്‍ത്തിയതും ഇരട്ടി പ്രഹരമായി.
വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മെയ് 19ന് കാസര്‍കോട്ട് പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. കേരള പ്രിന്റേര്‍സ് അസോസിയേഷന്‍ (കെ.പി.എ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനമെമ്പാടും സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കാന്‍ കെ.പി.എ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡണ്ട് മുജീബ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യ ഫെഡറേഷന്‍ ജി.ബി അംഗം സിബി കൊടിയംകുന്നേല്‍, വൈസ് പ്രസിഡണ്ട് വി.ബി അജയകുമാര്‍, ട്രഷറര്‍ ടി.പി അശോക് കുമാര്‍, രാമകൃഷന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി റജി മാത്യു സ്വാഗതവും സിറാജുദ്ദീന്‍ മുജാഹിദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it