അഞ്ചുവര്‍ഷം കൊണ്ട് 469 കോടി രൂപയുടെ വികസനം നടത്തിയെന്ന് എന്‍.എ നെല്ലിക്കുന്ന്; കാസര്‍കോട് ഇപ്പോഴും പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ജില്ലയെന്ന് കെ. ശ്രീകാന്ത്; കാസര്‍കോട്ടേത് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ വികസനമെന്ന് എം.എ ലത്തീഫ്

കാസര്‍കോട്: പ്രസ്‌ക്ലബ്ബിന്റെ രണ്ടാംനിലയില്‍ നിന്ന് നൂലപ്പം കഴിച്ച് അഡ്വ. കെ. ശ്രീകാന്തും എം.എ ലത്തീഫും ഒന്നാംനിലയിലെ പ്രസ് കോണ്‍ഫറന്‍സ് ഹാളിലേക്ക് ഇറങ്ങിവരുമ്പോഴേക്കും എന്‍.എ നെല്ലിക്കുന്ന് എത്തിയിരുന്നു. മൂന്നുപേരേയും ഒന്നിച്ചുകണ്ടപ്പോള്‍ ക്യാമറകണ്ണുകള്‍ക്ക് ആര്‍ത്തിയായി. അവ സ്ഥാനാര്‍ത്ഥികളെ മൊത്തത്തില്‍ ഒപ്പിയെടുത്തു. ക്യാമറ കണ്ടപ്പോള്‍ താമശയായി, പിന്നെ കൂട്ടച്ചിരിയായി... തിരഞ്ഞെടുപ്പോടനുബന്ധിച്ച് പ്രസ്‌ക്ലബ്ബ് ഒരുക്കിയ പഞ്ചസഭയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനെത്തിയതായിരുന്നു കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്തും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം.എ […]

കാസര്‍കോട്: പ്രസ്‌ക്ലബ്ബിന്റെ രണ്ടാംനിലയില്‍ നിന്ന് നൂലപ്പം കഴിച്ച് അഡ്വ. കെ. ശ്രീകാന്തും എം.എ ലത്തീഫും ഒന്നാംനിലയിലെ പ്രസ് കോണ്‍ഫറന്‍സ് ഹാളിലേക്ക് ഇറങ്ങിവരുമ്പോഴേക്കും എന്‍.എ നെല്ലിക്കുന്ന് എത്തിയിരുന്നു. മൂന്നുപേരേയും ഒന്നിച്ചുകണ്ടപ്പോള്‍ ക്യാമറകണ്ണുകള്‍ക്ക് ആര്‍ത്തിയായി. അവ സ്ഥാനാര്‍ത്ഥികളെ മൊത്തത്തില്‍ ഒപ്പിയെടുത്തു. ക്യാമറ കണ്ടപ്പോള്‍ താമശയായി, പിന്നെ കൂട്ടച്ചിരിയായി...

തിരഞ്ഞെടുപ്പോടനുബന്ധിച്ച് പ്രസ്‌ക്ലബ്ബ് ഒരുക്കിയ പഞ്ചസഭയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനെത്തിയതായിരുന്നു കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്തും ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം.എ ലത്തീഫും. സൗഹൃദപരമായിരുന്നു മുഖാമുഖം പരിപാടിയെങ്കിലും ചിലപ്പോഴൊക്കെ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം പോരടിച്ചു. എന്‍.എ നെല്ലിക്കുന്നാണ് സംസാരിച്ചുതുടങ്ങിയത്. മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കിയ 469 കോടി രൂപയുടെ വികസന പദ്ധതികള്‍ വിവരിച്ചുകൊണ്ട് സിറ്റിംഗ് എം.എല്‍.എ കൂടിയായ എന്‍.എ നെല്ലിക്കുന്ന് വിശദമായി സംസാരിച്ചു. ആരോഗ്യമേഖലക്ക് 121 കോടിയും ഗതാഗതത്തിന് 189 കോടിയും വിദ്യഭ്യാസ മേഖലക്ക് 83 കോടിയും രൂപ ചെലവഴിച്ചതടക്കമുള്ള കണക്കുകള്‍ അദ്ദേഹം വിശദീകരിച്ചു. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സബ്മിഷനുകള്‍ അവതരിപ്പിച്ച ഒരു ജനപ്രതിനിധി താനാണെന്ന കാര്യവും അദ്ദേഹം പങ്കുവെച്ചു. താന്‍ കൊണ്ടുവന്ന പല സബ്മിഷനുകള്‍ പലതും കേരളത്തിന്റെ തന്നെ പൊതുവായിട്ടുള്ള വികസനത്തിന് ഹേതുവായിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. മതവും രാഷ്ട്രീയവും നോക്കാതെ കാസര്‍കോട് മണ്ഡലത്തിലെ ജനങ്ങളുടെ പൊതുവായ പ്രശ്‌നങ്ങളില്‍ ഇടപെട്ടുപ്രവര്‍ത്തിച്ചതിന് അദ്ദേഹം പല തെളിവുകളും നിരത്തുകയും ചെയ്തു. ബാവിക്കര കുടിവെള്ള പദ്ധതിയെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് നെല്ലിക്കുന്ന് തുടങ്ങിയത്. തന്റെ നിരന്തരമായ പ്രവര്‍ത്തനം മൂലം യാഥാര്‍ത്ഥ്യമായ ബാവിക്കര പദ്ധതിയുടെ പിതൃത്വം മറ്റു ചിലര്‍ അവകാശപ്പെടുന്നുവെന്ന സങ്കടം നെല്ലിക്കുന്ന് പങ്കുവെക്കുകയും ചെയ്തു. 1992 വര്‍ഷത്തില്‍ പ്രപ്പോസ് ചെയ്ത പദ്ധതി ഒരുപാട് വര്‍ഷങ്ങള്‍ നീണ്ടുപോയെങ്കിലും പദ്ധതി യാഥാര്‍ത്ഥ്യമാവണമെങ്കില്‍ നിശ്ചിത എസ്റ്റിമേറ്റിന്റെ 82 ശതമാനം തുക കൂടുതല്‍ നല്‍കണമെന്ന കരാറുകാരന്റെ ആവശ്യം പരിശോധിച്ച് പഠിക്കാനും കൂടുതല്‍ തുക നല്‍കേണ്ടതാണെങ്കില്‍ അതിന് നടപടി സ്വീകരിതക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ നിരന്തരം നടത്തിയ ഇടപെടലുകളും എം.എല്‍.എ വിശദീകരിച്ചു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ പല തവണ ഓഫീസിലും വീട്ടിലും ചെന്ന് കണ്ട് ഈ ആവശ്യം ഉന്നയിച്ചതിന്റെ ഫലമായി 2012 ജൂണ്‍ 25ന് അധിക ബില്‍ അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് ബാവിക്കര പദ്ധതിയുടെ ടേണിംഗ് പോയിന്റെന്ന് എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. അന്ന് അത് അനുവദിച്ചില്ലായിരുന്നുവെങ്കില്‍ ഇന്നും പദ്ധതി അതേപടി നില്‍ക്കുമായിരുന്നു. എനിക്ക് നേരെ ഇപ്പോഴും ചെളിവാരി എറിയുമായിരുന്നു-എം.എല്‍.എ പറഞ്ഞു. കാസര്‍കോട് മെഡിക്കല്‍ കോളേജിന് 2013ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തറക്കല്ലിട്ടത്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് കാസര്‍കോട് പാക്കേജില്‍ 25 കോടി രൂപയും ഹോസ്പിറ്റല്‍ ബ്ലോക്കിന് നബാര്‍ഡ് ഫണ്ടില്‍ നിന്ന് 45 കോടി രൂപയും അനുവദിച്ചതും യു.ഡി.എഫ് സര്‍ക്കാറാണ്. എന്നാല്‍ പിന്നീട് ഏതാനും പേരെ നിയമിച്ചതല്ലാതെ അവരെ നിലനിര്‍ത്താന്‍ പോലും ഇടതുമുന്നണി സര്‍ക്കാറിന് കഴിഞ്ഞില്ല. മെഡിക്കല്‍ കോളേജിനെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തണമെന്ന് ധനമന്ത്രിയെ നേരിട്ട് കണ്ട് അഭ്യര്‍ത്ഥിച്ചുവെങ്കിലും കനിഞ്ഞില്ല-എം.എല്‍.എ കുറ്റപ്പെടുത്തി. ടാറ്റായുടെ ഔദാര്യം കൊണ്ട് 60 കോടി രൂപ അനുവദിച്ച് നിര്‍മ്മിച്ച ആസ്പത്രിയുടെ അവസ്ഥ എന്തായി എന്ന് നെല്ലിക്കുന്ന് ചോദിച്ചു. ഭെല്ലില്‍ രണ്ടുവര്‍ഷമായി തൊഴിലാളികള്‍ക്ക് ശമ്പളമില്ല. റെയില്‍വെ ജില്ലയോട് ഇപ്പോഴും കടുത്ത അവഗണന കാണിക്കുന്നത്. തന്റെ ശ്രമഫലമായി നിരവധി റോഡുകളും പാലങ്ങളും വന്നു. അത് പലരും കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍ കരാറുകാരന്‍ ഇടക്ക് പണി നിര്‍ത്തിവെച്ചത് മൂലം കല്ലടുക്ക-ചെര്‍ക്കള റോഡിന്റെ നിര്‍മ്മാണം അല്‍പം നീണ്ടതിന് എന്നെയാണ് പലരും കുറ്റപ്പെടുത്തുന്നത്-എം.എല്‍.എ പറഞ്ഞു.

എന്നാല്‍ എം.എല്‍.എ അവകാശപ്പെട്ട വികസനങ്ങളെല്ലാം ഇടതുമുന്നണി സര്‍ക്കാറിന്റെ പൊതുവികസനത്തിന്റെ ഭാഗമാണെന്നായിരുന്നു തുടര്‍ന്ന് സംസാരിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.എ ലത്തീഫിന്റെ അവകാശവാദം. ഉപ്പുവെള്ളം പരിഹരിക്കുന്നതിന് ബാവിക്കര പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫലം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ എന്ന നിലയില്‍ എന്‍.എ നെല്ലിക്കുന്ന് ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ ലത്തീഫ്, താന്‍ വിജയിച്ചാല്‍ മണ്ഡലത്തില്‍ വിവിധ വികസന പദ്ധതികള്‍ കൊണ്ടുവരുമെന്ന് അവകാശപ്പെട്ടു. മലിനമുക്തമായ നഗരസഭയാണ് എന്റെ ലക്ഷ്യം. ഇതിന് മലിനീകരണ സംസ്‌കരണ പ്ലാന്റ് കൊണ്ടുവരും. ടൗണ്‍ പ്ലാന്‍ നടപ്പിലാക്കും. നഗരത്തിലെ ഊരാകുഴുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌ക്കരണം നടത്തും-ലത്തീഫ് പറഞ്ഞു. ചെര്‍ക്കള-കല്ലടുക്ക റോഡ് എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ പരാജയമായിരുന്നുവെന്നതിന്റെ തെളിവാണെന്നും ജനങ്ങളുടെ പ്രതിഷേധം താന്‍ നേരിട്ടുമനസ്സിലാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. കോവിഡ് രൂക്ഷമായ സമയത്ത് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ജനങ്ങള്‍ക്ക് ഇടതുമുന്നണിയുമായി ഒരു വൈകാരിക ബന്ധം സൃഷ്ടിച്ചിട്ടുണ്ട്. തുടര്‍ ഭരണം ഉറപ്പാണ്. കാസര്‍കോട്ട് ഇടതുമുന്നണി രണ്ടാംസ്ഥാനത്തെത്തുമോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. വിജയിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട-എം.എ ലത്തീഫ് പറഞ്ഞു.

എം.എല്‍.എയുടെ പ്രവര്‍ത്തനങ്ങളെ കണക്കിന് വിമര്‍ശിച്ചാണ് ശ്രീകാന്ത് സംസാരിച്ചത്. ഇടതുമുന്നണി സര്‍ക്കാറിനേയും അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പി വന്നാല്‍ ഇവിടെ വലിയ പ്രശ്‌നമുണ്ടാകുമെന്നും അവര്‍ വരാന്‍ പാടില്ല എന്നും പറഞ്ഞ് പുകമറ സൃഷ്ടിച്ച് കഴിഞ്ഞ നാലുപതിറ്റാണ്ടുകാലമായി മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതുകൊണ്ട് ഇവിടെ എന്തു വികസനമാണ് ഉണ്ടായതെന്ന് ശ്രീകാന്ത് ചോദിച്ചു. സിനിമയില്‍ പോലും അപമാനിക്കുന്ന തരത്തില്‍ കാസര്‍കോട് ഇപ്പോഴും പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ ജില്ലയായി തുടരുകയാണ്. കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാണ്. ഇത് പരിഹരിക്കുന്നതിന് 11,128 കോടി രൂപയുടെ ശുപാര്‍ശകളാണ് കമ്മീഷന്‍ നടത്തിയത്. ഇതില്‍ എന്തൊക്കെ നടപ്പിലാക്കാന്‍ എം.എല്‍.എക്കും ഇടതുമുന്നണി സര്‍ക്കാറിനും കഴിഞ്ഞു. വിദ്യഭ്യാസത്തിനും തൊഴിലിനും ആരോഗ്യത്തിനുമെല്ലാം കര്‍ണാടകയെ നിരന്തരം ആശ്രയിക്കേണ്ടിവരുന്ന ഒരു ജില്ലയാണ് നമ്മുടേത്. ചെറുപ്പക്കാര്‍ക്ക് ജോലി ലഭിക്കാന്‍ നല്ലൊരു സ്ഥാപനമുണ്ടോ ഇവിടെ. വയനാട് ജില്ലയില്‍ പോലും മെഡിക്കല്‍ കോളേജുണ്ട്. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വാഗ്ദാനം ചെയ്തപ്പോള്‍ അത് ചോദിച്ചുവാങ്ങാനെങ്കിലും നടപടിയുണ്ടായോ. ഭെല്‍ വിഷയത്തില്‍ ഞങ്ങള്‍ തൊഴിലാളികള്‍ക്കൊപ്പമാണ്. കാസര്‍കോടിനെ പരാശ്രയ ജില്ല എന്ന സ്ഥിതിയില്‍ നിന്ന് സ്വയാശ്രയ ജില്ലയാക്കി മാറ്റുമെന്നും ശ്രീകാന്ത് പറഞ്ഞു. എസ്.ഡി.പി.ഐ, പി.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള സംഘടനകളുടെ വോട്ട് വേണ്ട എന്ന് പറയാന്‍ യു.ഡി.എഫും എല്‍.ഡി.എഫും തയ്യാറുണ്ടോ എന്ന് ശ്രീകാന്ത് ചോദിച്ചു. ഇത്തവണ കാസര്‍കോട്ട് എന്‍.ഡി.എയുടെ വിജയം ഉറപ്പാണെന്നും ഇവിടെ നടപ്പിലാക്കാന്‍ പോകുന്ന വികസന അജണ്ടകള്‍ വ്യക്തമാക്കുന്ന പ്രകാശന പത്രിക തങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it