കാഞ്ഞങ്ങാട്: വിട പറഞ്ഞത് നിറങ്ങളുടെ തോഴന്. നിറങ്ങളെ അത്ര കണ്ട് സ്നേഹിച്ച ആദിത്യന് എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞു നിറങ്ങളുടെ കൂട്ടത്തില്‍ നിന്ന് ശില്പങ്ങളുടെ കൂട്ടത്തിലേക്ക് കൂടി ചേക്കേറണമെന്ന ആഗ്രഹം ബാക്കിയാക്കി ആദിത്യന് യാത്രയാകുമ്പോള്‍ നഷ്ടമാകുന്നത് ഭാവിയില്‍ ലോകം അറിയുമായിരുന്ന വലിയ കലാകാരനെ. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംതരം വിദ്യാര്‍ഥി ആദിത്യന് വിടപറയുമ്പോള്‍ ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിയാവുകയാണ്.
15 വയസ്സാകുമ്പോഴേക്കും ഈ ചുരുങ്ങിയ കാലം കൊണ്ട് ആയിരത്തിലേറെ ചിത്രങ്ങള്‍ വരച്ച് സമൂഹത്തിനുമുന്നില്‍ വര്‍ണ്ണങ്ങള്‍ വിടര്‍ത്തിയ ആദിത്യന്റ കഴിവ് അപാരം തന്നെയാണെന്നാണ് പ്രശസ്ത ശില്പിയും ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനുമായ ചിത്രന് കുഞ്ഞിമംഗലം പറയുന്നത്. വല്ലാത്ത ഒരു നഷ്ടം തന്നെയാണ്. എസ്.എസ്.എല്‍.സി പരീക്ഷയുടെ തിരക്കുകള്‍ക്കിടയില്‍ വിളിച്ച് പരീക്ഷ കഴിഞ്ഞ് ശില്പങ്ങളുടെ ലോകത്തേക്കും എത്തണമെന്ന ആഗ്രഹമുണ്ടെന്ന് തന്നോട് ആദിത്യന് പറഞ്ഞതായി ചിത്രം കുഞ്ഞിമംഗലം ഓര്‍ക്കുന്നു. പ്രായത്തില്‍ കൂടിയ പക്വതയുള്ള കലാകാരന് സഹപാഠികളുടെ പ്രിയപ്പെട്ട ആദിത്യന്. ഇങ്ങനെ ഏതു വിശേഷണവും ഈ കുഞ്ഞിനു യോജിക്കും. സംസ്ഥാന സ്കൂള്‍ കലോത്സവം കാഞ്ഞങ്ങാട് എത്തിയപ്പോള്‍ പെയിന്റിങ്ങില്‍ ഗ്രേഡ് ലഭിച്ച ദുര്ഗ്ഗയുടെയും ജില്ലയുടെയും അഭിമാനമായി മാറിയിരുന്നു. നിരവധി ഓണ്‍ലൈന്‍ ചിത്ര മത്സരങ്ങളില്‍ പങ്കെടുത്തു വിജയം കൊയ്തിരുന്നു.
നിറങ്ങളുടെ കൂട്ടുകാരന് എന്നാണ് ആദിത്യനെ ചിത്രകാരന് രാജേന്ദ്രന് പുല്ലൂര്‍ വിശേഷിപ്പിച്ചത്. നിറങ്ങളെ അത്രമേല്‍ സ്നേഹിച്ച ആയിരക്കണക്കിന് ചിത്രങ്ങള്‍ വരച്ച പ്രിയ കലാകാരനെ നഷ്ടം ദുഃഖകരമാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ ആദിത്യന് അസുഖത്തെതുടര്‍ന്നാണ് മരിച്ചത്.
തെരുവത്ത് ലക്ഷ്മി നഗറില്‍ താമസിക്കുന്ന കാനറാ ബാങ്ക് പെരിയ ബ്രാഞ്ച് അപ്രൈസര്‍ പി. മണികണ്ഠന്റൈയുടേയും ജില്ലാ ആസ്പത്രി ജീവനക്കാരി നിഷയുടെയും മകനാണ്.
സഹോദരങ്ങള്‍: അര്ജുനന് (ചിത്രകലാ വിദ്യാര്‍ത്ഥി, ആര്.എല്‍.വി. തൃപ്പൂണിത്തുറ), അഭിമന്യു.