തിരുവനന്തപുരം: ഇന്ധന സെസ് അടക്കം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി-സെസ് വര്‍ധനക്കെതിരെ പ്രതിപക്ഷ എം.എല്‍.എമാര്‍ നടന്ന് പ്രതിഷേധിച്ചു. എം.എല്‍.എ ഹോസ്റ്റലില്‍ നിന്ന് നിയമസഭയിലേക്ക് യു.ഡി.എഫ് എം.എല്‍.എമാര്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടന്നാണ് എത്തിയത്. സഭാ സമ്മേളനത്തിന്റെ ഇടവേളയില്‍ പ്രക്ഷോഭം എങ്ങനെ വേണമെന്ന കാര്യം പാര്‍ട്ടിയിലേയും മുന്നണിയിലേയും നേതാക്കള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. സഭാ സമ്മേളനം ഇടക്കാല അവധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സഭയ്ക്ക് പുറത്തെ പ്രതിഷേധം ഏതു രീതിയില്‍ വേണമെന്ന കാര്യം നേതാക്കള്‍ കൂടിയാലോചിച്ച് തീരുമാനിക്കും.
യു.ഡി.എഫ് പ്രക്ഷോപത്തെ പ്രതിരോധിക്കാന്‍ വാക്കുകളില്ലാതെ വരുമ്പോള്‍ പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളെ മറന്നാണ് അവരുടെ പരിഹാസം. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ് അവര്‍ക്ക്. പ്രതിപക്ഷം സമരം ചെയ്തതിന്റെ പേരില്‍ നികുതി കുറയ്ക്കില്ലെന്ന നിലപാടാണ് സര്‍ക്കാറിന്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണ് പറയുന്നത്, സമരം ചെയ്തത് കൊണ്ട് നികുതിയിളവ് തരുന്നില്ലെന്ന്. പണ്ട് ഇതേപോലെ നികുതി വര്‍ധന വന്നപ്പോള്‍ നികുതി കൊടുക്കാതെ പ്രതിഷേധിക്കണമെന്ന് പറഞ്ഞയാളാണ് പിണറായി വിജയനെന്നും സതീശന് പറഞ്ഞു.