പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിച്ച് യേശുദാസ് അകലെയിരുന്ന് പാടി; പതിവ് തെറ്റാതെ അര്‍ച്ചനയുമായി കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പാടി

കൊല്ലൂര്‍: അമ്മയുടെ തിരുസന്നിധിയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും വാണീദേവിയുടെ അനുഗ്രഹത്തിനായി അകലെയിരുന്ന് പാടിയപ്പോള്‍ ഗാനഗന്ധര്‍വ്വന്റെ മധുര മന്ത്രിക ശബ്ദം കുടജാദ്രി താഴ്‌വരയില്‍ അലയടിച്ചു. ഏഴാം കടലിനക്കരെയാണെങ്കിലും മനസ്സ് ഇവിടെയാണെന്ന് സങ്കില്‍പിച്ച് വാഗ്‌ദേവതയുടെ തിരുസന്നിധിയില്‍ യേശുദാസ് നിറഞ്ഞ് പാടിയപ്പോഴും 48 വര്‍ഷത്തെ പതിവ് മുടങ്ങിയ സങ്കടം മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. എവിടെയായാലും പിറന്നാള്‍ ദിനത്തില്‍ കൊല്ലൂരില്‍ എത്തുമായിരുന്ന യേശുദാസിന് കൊവിഡ് നിയന്ത്രണത്തെത്തുടര്‍ന്ന് ഇത്തവണത്തെ യാത്ര മുടങ്ങിയതോടെ വെബ് കാസ്റ്റ് വഴി അമേരിക്കയിലെ ഡെല്ലാസിലിരുന്ന് മനസ്സുനിറഞ്ഞ് പാടുകയായിരുന്നു. ശ്രീ സരസ്വതി നമോസ്തുതേ....... എന്ന് തുടങ്ങുന്ന […]

കൊല്ലൂര്‍: അമ്മയുടെ തിരുസന്നിധിയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും വാണീദേവിയുടെ അനുഗ്രഹത്തിനായി അകലെയിരുന്ന് പാടിയപ്പോള്‍ ഗാനഗന്ധര്‍വ്വന്റെ മധുര മന്ത്രിക ശബ്ദം കുടജാദ്രി താഴ്‌വരയില്‍ അലയടിച്ചു. ഏഴാം കടലിനക്കരെയാണെങ്കിലും മനസ്സ് ഇവിടെയാണെന്ന് സങ്കില്‍പിച്ച് വാഗ്‌ദേവതയുടെ തിരുസന്നിധിയില്‍ യേശുദാസ് നിറഞ്ഞ് പാടിയപ്പോഴും 48 വര്‍ഷത്തെ പതിവ് മുടങ്ങിയ സങ്കടം മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. എവിടെയായാലും പിറന്നാള്‍ ദിനത്തില്‍ കൊല്ലൂരില്‍ എത്തുമായിരുന്ന യേശുദാസിന് കൊവിഡ് നിയന്ത്രണത്തെത്തുടര്‍ന്ന് ഇത്തവണത്തെ യാത്ര മുടങ്ങിയതോടെ വെബ് കാസ്റ്റ് വഴി അമേരിക്കയിലെ ഡെല്ലാസിലിരുന്ന് മനസ്സുനിറഞ്ഞ് പാടുകയായിരുന്നു. ശ്രീ സരസ്വതി നമോസ്തുതേ....... എന്ന് തുടങ്ങുന്ന കീര്‍ത്തനത്തോടെയാണ് യേശുദാസ് പാടിത്തുടങ്ങിയത്. പിന്നാലെ വാണി വാഗദീശ്വരി... എന്ന കീര്‍ത്തനവും പാടി. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി എന്ന മൂകാംബിക ദേവിയെ സ്തുതിക്കുന്ന സിനിമാ ഗാനവും ആലപിച്ചു. അമേരിക്കയിലിരുന്ന് ദേവിയെ പ്രാര്‍ത്ഥിച്ച് ഏതാനും വാക്കുകളും പറഞ്ഞു. ഈ നിര്‍ഭാഗ്യത്തെ പഴിച്ചുകൊണ്ട് പഴയ കാലം തിരിച്ചുവരുമെന്ന് പറഞ്ഞ് അദ്ദേഹം ആശ്വസിച്ചു. അതിനായി അമ്മയുടെ അനുഗ്രഹം എല്ലാവര്‍ക്കുമുണ്ടാകുമെന്നും യേശുദാസ് പറഞ്ഞു. അതേ സമയം യേശുദാസിന്റെ ഷഷ്ടിപൂര്‍ത്തി വര്‍ഷത്തില്‍ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേര്‍ന്ന് ഗായകനും സംഗീത സംവിധായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നടത്തിവന്നിരുന്ന സംഗീതാര്‍ച്ചനയ്ക്ക് ഇത്തവണക്കം മുടക്കം വന്നില്ല. രണ്ടുപതിറ്റാണ്ടായി തുടരുന്ന ഈ അര്‍ച്ചന ഇന്നലെ രാവിലെ ആറ് മുതല്‍ കൊല്ലൂരിലെ സരസ്വതി മണ്ഡപത്തിണ് അരങ്ങേറിയത്. യേശുദാസും രാമചന്ദ്രന്റെ സംഗീത വേദിയിലിരുന്ന് കൂടെ പാടുമായിരുന്നു. കേരളത്തിലെ മറ്റേതൊരു ഗായകനും കിട്ടാത്ത അപൂര്‍വഭാഗ്യമായിരുന്നു രാമചന്ദ്രന് ഇതുവഴി കിട്ടിയത്. ഒരു പാട്ട് യേശുദാസും രാമചന്ദ്രനും ചേര്‍ന്നു പാടുന്ന പതിവ് ഏറെ വര്‍ഷമായി തുടര്‍ന്നു വരികയായിരുന്നു. ഇത്തവണ ആ പതിവ് മുടങ്ങിയ സങ്കടം രാമചന്ദ്രനുമുണ്ടായിരുന്നു. സംഗീതാര്‍ച്ചന ആസ്വദിക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. ഹംസധ്വനി രാഗത്തില്‍ തുടങ്ങിയ വാതാപി ഗണപതിം ഭജേ... എന്ന കീര്‍ത്തനത്തോടെയാണ് തുടങ്ങിയത്. പാവന ഗുരു പവന...., മംഗള ദര്‍ശന ദായികേ ... എന്നീ കീര്‍ത്തനങ്ങളും നിരവധി മൂകാംബിക ഭക്തിഗാനങ്ങളും ആലപിച്ചു. ഹരിവരാസനം വിശ്വമോഹനം എന്ന പ്രശസ്ത ഗാനത്തോടെയാണ് സംഗീതാര്‍ച്ചന അവസാനിപ്പിച്ചത്. പക്ക മേളയ്ക്കായി പ്രമുഖരുടെ നിര തന്നെയുണ്ടായിരുന്നു. പ്രശസ്ത മൃദംഗ വിദ്വാന്‍ എന്‍. ഹരി, പ്രൊഫ. സ്വാമിനാഥന്‍, ശ്രീരാം തൃശ്ശൂര്‍, മുരളി നമ്പീശന്‍ വടകര, വിവേക് കോഴിക്കോട്, സോമരാജന്‍ തൃക്കരിപ്പൂര്‍, ശശിധരന്‍ കരിവെള്ളൂര്‍ എന്നിവരാണ് പക്കമേളത്തിനെത്തിയത്. നാല്പതിലേറെ യുവ ഗായകരും അര്‍ച്ചനയില്‍ പങ്കെടുത്ത പാടി. യേശുദാസിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി ആരംഭിച്ച ഈ സംഗീതാര്‍ച്ചന ഇനിയും കൂടുതല്‍ ഭംഗിയായി നടത്തിക്കൊണ്ടു പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ പറഞ്ഞു.

Related Articles
Next Story
Share it