ടെല്‍അവീവ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇസ്രായേലില്‍ നഗരമധ്യത്തില്‍ പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ പ്രത്യക്ഷപ്പെട്ടു. ഇസ്രായേല്‍ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് തലസ്ഥാന നഗരമായ ടെല്‍ അവീവിലെ ഹബിമ സ്ക്വയറില്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിന്റെ പൂര്‍ണ നഗ്നപ്രതിമ പ്രത്യക്ഷപ്പെട്ടത്.
ചാര നിറത്തില്‍ ഇരിക്കുന്ന നിലയിലാണ് പ്രതിമയുള്ളത്. പ്രതിമ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നഗരസഭ അധികൃതര്‍ രംഗത്തെത്തി. പ്രതിമയുടെ ചുറ്റും ബാരിക്കേഡുകള്‍ തീര്‍ക്കുകയും പ്രതിമ നീക്കാന്‍ ഉത്തരവിടുകയും ചെയ്തു. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെ പ്രതിഷേധ സൂചകമായാണ് പ്രധാനമന്ത്രിയുടെ നഗ്നപ്രതിമ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടത്.
പ്രതിമയുടെ ശില്‍പ്പി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മുമ്പും നെതന്യാഹുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കൊവിഡ് വ്യാപനം തടയുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നെതന്യാഹുവിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു.