കൊച്ചി: കേന്ദ്ര ഇടപെടലിനെ തുടര്‍ന്ന് സ്ഥിതി രൂക്ഷമായ ലക്ഷദ്വീപില്‍ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന ഹര്‍ജിയില്‍ ലക്ഷദ്വീപ് കലക്ടറോട് റിപോര്‍ട്ട് തേടി കേരള ഹൈക്കോടതി. ആവശ്യമായ അരിയും മറ്റും വിതരണം ചെയ്യുന്നുണ്ടെന്ന് കലക്ടര്‍ ഉറപ്പ് വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്ന് ഭരണകൂടം കോടതിയെ അറിയിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ ജനങ്ങള്‍ പട്ടിണിയിലാണെന്നും ലോക്ഡൗണ്‍ അവസാനിക്കും വരെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗവുമായ കെ.കെ നാസിഹ് നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ദ്വീപിലെ 80 ശതമാനം ജനങ്ങളും ദിവസക്കൂലിക്കാരാണ്. ലോക്ഡൗണ്‍ കൂടി വന്നതോടെ അമിനി, കവരത്തി ദ്വീപുകളിലെല്ലാം ഭക്ഷ്യക്ഷാമമുള്ളതായി ഹര്‍ജിയില്‍ പറയുന്നു. സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ലക്ഷദ്വീപിലെ പട്ടിണി പരിഹരിക്കാനായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കവരത്തി പഞ്ചായത്ത്, കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഭക്ഷ്യക്കിറ്റുകളില്ലെങ്കില്‍ പഞ്ചായത്തിന് ഫണ്ട് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.