ഭാര്യയുടെ ഫോണില്‍ സുഹൃത്തിന്റെ മെസേജ്; രണ്ട് പേരെയും ഭര്‍ത്താവ് വെട്ടിക്കൊന്നു

പത്തനംതിട്ട: ഭാര്യയുടെ മൊബൈല്‍ ഫോണില്‍ സുഹൃത്തിന്റെ അശ്ലീല സന്ദേശം കണ്ട ഭര്‍ത്താവ് രണ്ട് പേരെയും വെട്ടിക്കൊന്നു. പത്തനംതിട്ട കലഞ്ഞൂര്‍പാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകം. വൈഷ്ണ(27), വിഷ്ണു(34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. ഭാര്യ വൈഷ്ണയും സുഹൃത്ത് വിഷ്ണുവും തമ്മില്‍ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭര്‍ത്താവ് ബൈജു കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഭാര്യ വൈഷ്ണക്ക് രഹസ്യ ഫോണ്‍ ഉണ്ടായിരുന്നു. അത് ഇന്നലെ രാത്രി ബൈജു കണ്ടെത്തി. വാട്‌സാപ്പ് ചാറ്റില്‍ വിഷ്ണുവുമായുള്ള അടുപ്പം വ്യക്തമായതോടെ ദമ്പതികള്‍ തമ്മില്‍ ഇതേചൊല്ലി വാക്കേറ്റമുണ്ടായി. അക്രമം ഭയന്ന് വൈഷ്ണ, സുഹൃത്ത് വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറിയപ്പോള്‍ പിന്നാലെ എത്തി ബൈജു ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണയെ ബൈജു സിറ്റൗട്ടില്‍ വെച്ചാണ് വെട്ടിവീഴ്ത്തിയത്. പിന്നാലെ വിഷ്ണുവിനെയും പ്രതി ആക്രമിച്ചു. വൈഷ്ണ സംഭവ സ്ഥലത്തും വിഷ്ണു ആസ്പത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്. സംഭവത്തിന് ശേഷം ബൈജു കൂട്ടുകാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
പ്രതിയെ പിടികൂടിയ പൊലീസ് കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാള്‍ കണ്ടെത്തി.