വിസ്മയക്കും വിഘ്‌നേഷിനും ഇത് സ്‌നേഹപാഠം; അധ്യാപകരുടെ കൂട്ടായ്മയില്‍ വീടൊരുങ്ങി

മുള്ളേരിയ: കാറഡുക്ക ജി.വി.എച്ച്.എസ്.എസ്സിലെ വിസ്മയക്കും വിഘ്‌നേഷിനും മഴയും വെയിലുമേല്‍ക്കാത്ത വീട്ടില്‍ നിന്ന് പഠിക്കാം. കുട്ടിക്കൊരു വീട് പദ്ധതിയിലൂടെ കെ.എസ്.ടി.എ കുമ്പള ഉപജില്ലാ കമ്മിറ്റി കൈകോര്‍ത്ത് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ദാനം ചൊവ്വാഴ്ച നടക്കും. മുന്‍വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് താക്കോല്‍ കൈമാറും. കാറഡുക്ക മൂടാംകുളത്തെ വിജയന്‍-ലളിത ദമ്പതികളുടെ മക്കളാണ് വിസ്മയയും വിഘ്നേഷും. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സര്‍ക്കാര്‍ വീട് ലഭിക്കാത്ത സഹചര്യത്തിലാണ് കെ.എസ്.ടി.എ ഇടപെടലുണ്ടായത്. അധ്യാപകരുടെ സംഭാവനകള്‍ ഘട്ടംഘട്ടമായി നല്‍കിയപ്പോള്‍ വീടിന്റെ നിര്‍മ്മാണവും സമയബന്ധിതമായി തീര്‍ക്കാനായി. എം. മാധവന്‍ ചെയര്‍മാനും എ. വിജയകുമാര്‍ വര്‍ക്കിങ് ചെയര്‍മാനും എം. രാജേഷ് കണ്‍വീനറും എന്‍.വി കുഞ്ഞികൃഷ്ണന്‍ ട്രഷററുമായ കമ്മിറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സംസ്ഥാനത്താകെ സംഘടനയ്ക്ക് ഇതുവരെ 141 കുട്ടികള്‍ക്ക് വീട് നല്‍കാനായി. അഭിമാന പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിച്ച് നല്‍കിയ സന്തോഷത്തിലാണ് കെ.എസ്.ടി.എ കുമ്പള ഉപജില്ലാ കമ്മിറ്റി.