തേടിയ പുലി കണ്‍മുന്നില്‍!! ബോവിക്കാനത്ത് പുലി വിളയാട്ടം

മുള്ളേരിയ: വനപാലകര്‍ ദിവസങ്ങളായി തേടുന്ന പുലി വനം വകുപ്പ് ഓഫീസിനു മുന്നിലെത്തി ഓടി മറിഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പുലി ബോവിക്കാനം ടൗണില്‍ വനംവകുപ്പ് മുന്നിലെത്തിയത്. തുടര്‍ന്ന് റോഡിലൂടെ ഓടിയ പുലി കെ.ബി മുഹമ്മദ് കുഞ്ഞിയുടെ വീടിന് മുന്നിലെത്തി. വീട്ടുകാര്‍ ബഹളം വെച്ചതോടെ പുലി ഇവിടെ നിന്നും ഓടി ബോവിക്കാനം ഗത്വ മസ്ജിദിന് സമീപത്തെത്തി. സമീപത്തെ അബ്ദുള്‍ഖാദര്‍ പുലിയെ നേരിട്ട് കണ്ടു. ഇതോടെ പുലി അബ്ദുള്‍ഖാദറിന്റെ വീടിന് സമീപത്തെ പറമ്പിലിറങ്ങി. പിന്നീട് പറമ്പില്‍ നിന്ന് റോഡിലേക്ക് കയറി. ഈ സമയം സ്‌കൂട്ടറില്‍ വരികയായിരുന്ന അസീസ് പത്തടിയും പുലിയെ കണ്ട് ഭയന്നു. അസീസിനെ കണ്ടതോടെ പുലി പിന്തിരിഞ്ഞോടി അബ്ദുള്‍ഖാദറിന്റെ പറമ്പിലേക്ക് വീണ്ടും കയറി. തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസിന്റെ പിറകിലൂടെ ഓടി കാട്ടിലേക്ക് മറയുകയായിരുന്നു.

ജനവാസമേഖലയില്‍ പുലിയിറങ്ങിയതോടെ ആശങ്ക വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം ബോവിക്കാനത്തെ ബി.കെ സിദ്ധിഖിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടിരുന്നു. വെള്ളമെടുക്കാന്‍ സിദ്ധിഖ് മുറ്റത്തേക്കിറങ്ങിയപ്പോഴാണ് പുലിയെ കണ്ടത്. പുലിയെ കണ്ട് ഭയന്നോടുന്നതിനിടെ സിദ്ധിഖിന് വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പുലിയെ പിടികൂടാന്‍ വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുലിയെ പിടികൂടാന്‍ വനപാലകര്‍ കൊട്ടംകുഴിയില്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കൂട്ടില്‍ കയറാതെ പുലി ഒളിച്ചുകളിക്കുകയാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it