നരനായാട്ടുമായി തെരുവുനായകള്‍: ചികിത്സ തേടുന്നവരുടെ എണ്ണം കൂടി

കാസര്‍കോട്: ജില്ലയില്‍ തെരുവ് നായകളുടെ ആക്രമണം കൂടുന്നു. ബുധനാഴ്ച മാത്രം നായയുടെ ആക്രമണത്തെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് 16 പേരാണ്. ഇതില്‍ 6 പേര്‍ക്ക് ജനറല്‍ ആസ്പത്രി പരിസരത്ത് നിന്ന് തന്നെയാണ് കടിയേറ്റത്. സെക്യൂരിറ്റി ജീവനക്കാരനടക്കം ആസ്പത്രിയിലെ 3 ജീവനക്കാര്‍ക്കും പുറമെ നിന്നെത്തിയ 3 പേര്‍ക്കുമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ നായയുടെ കടിയേറ്റത്.

പരാക്രമം കാട്ടിയ നായ പിന്നീട് വാഹനം ഇടിച്ച് ചത്തു. ജനറല്‍ ആസ്പത്രി പരിസരത്ത് തെരുവ്നായകളുടെ ശല്യം വര്‍ധിച്ചതായി പരാതി ഉയരുന്നുണ്ട്. ആസ്പത്രി പരിസരത്തെ തെരുവുനായകള്‍ കയ്യടക്കി. വളര്‍ത്തുനായയുടെ കടിയേറ്റ് അച്ഛനും മകനും ആസ്പത്രിയില്‍ ചികിത്സതേടി.

മൊഗ്രാല്‍പുത്തൂരില്‍ പേ പിടിച്ച നായയുടെ പരാക്രമം വര്‍ധിച്ചത് നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. സ്‌കൂള്‍ പരിസരത്തടക്കം പേ പിടിച്ച നായ പരാക്രമം കാട്ടിയത് കാരണം നാട്ടുകാര്‍ ഭീതിയിലാണ്. ഏതാനും നായകള്‍ക്ക് ഈ നായയുടെ കടിയേറ്റതായാണ് വിവരം. പട്ടി പിടുത്തക്കാര്‍ പഞ്ചായത്തിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് കമ്പാര്‍ ഭാഗത്ത് പരാക്രമം കാട്ടിയ നായ ചത്തിരുന്നു.

വിവിധ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ പരാക്രമം വര്‍ധിച്ച് വരുന്നത് ഭീതി സൃഷ്ടിക്കുന്നുണ്ട്.പൂച്ചകളുടെ കടിയേറ്റും ചികിത്സതേടി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്.

ബദിയടുക്ക ടൗണില്‍ രാത്രിയിലും പകലും അലഞ്ഞുതിരിയുന്ന തെരുവുനായകളുടെ എണ്ണം കൂടി. ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാവുകയാണ്. നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് നാട്ടുകാര്‍

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it