കാഞ്ഞങ്ങാട് സബ് കളക്ടറുടെ കാര്‍ കോടതിയില്‍!! ഏറ്റെടുത്ത ഭൂമിക്ക് സര്‍ക്കാര്‍ പണം നല്‍കിയില്ല

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സബ് കളക്ടറുടെ കാര്‍ ഇപ്പോള്‍ ഹൊസ്ദുര്‍ഗ് സബ് കോടതിയിലാണ്. കഴിഞ്ഞ ദിവസമാണ് കാര്‍ ജപ്തി ചെയ്തുകൊണ്ട് കോടതി ഉത്തരവിട്ടത്. നീലേശ്വരം പള്ളിക്കര മേല്‍പ്പാലം നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥയ്ക്ക് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി. സ്ഥലം ഉടമ മാണിക്യത്തിന്റെ 10 സെന്റ് ഭൂമിയാണ് മേല്‍പ്പാലം നിര്‍മാണത്തിനായി ഏറ്റെടുത്തത്. സെന്റിന് രണ്ടായിരം രൂപ വെച്ച് 20,000 രൂപയാണ് അനുവദിച്ചത്. ഇത് മതിയായ തുക അല്ലെന്ന് കാണിച്ചാണ് സ്ഥലമുടമ ഹൊസ്ദുര്‍ഗ് കോടതിയെ സമീപിച്ചത്. വിധി അനുകൂലമാവാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പുനര്‍ വിചാരണ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ വീണ്ടും സബ് കോടതിയില്‍ കേസെത്തി. ഒടുവില്‍ സെന്റിന് 50,000 രൂപ നല്‍കണമെന്ന് കോടതി വിധിച്ചു. വിധി വന്ന് രണ്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ പണം നല്‍കിയില്ല. പണം നല്‍കാന്‍ നിരവധി തവണ നിര്‍ദേശം നല്‍കിയിട്ടും നല്‍കാത്തതിനാലാണ് സബ് കളക്ടറുടെ വാഹനം ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it