പച്ചക്കറി വില കുതിക്കുന്നു; മുരിങ്ങക്കായക്ക് കിലോ 500 കടന്നു

കാസര്‍കോട്: സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ കുതിക്കുന്നു. മുരിങ്ങക്കായ ഉള്‍പ്പെടെ മിക്ക പച്ചക്കറിക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ശബരിമല സീസണ്‍ കൂടി എത്തിയതോടെ പച്ചക്കറിക്ക് ആവശ്യകത ഏറിയതാണ് വില കൂടാന്‍ കാരണമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരം. മലയാളികളുടെ തീന്‍മേശയിലെ സ്ഥിരം സാന്നിധ്യമായ സാമ്പാറ് പോലും പച്ചക്കറി ഇല്ലാതെ ഉണ്ടാക്കേണ്ട അവസ്ഥയിലാണ്. മുരിങ്ങക്കായക്ക് വില അഞ്ഞൂറിനോടടുത്താണ്. നേന്ത്രക്കായ കിലോയ്ക്ക് 70 മുതല്‍ 80 രൂപ വരെയാണ് ഈടാക്കുന്നത്. വിലക്കയറ്റം കുടുംബ ബജറ്റുകളെ താളം തെറ്റിച്ചിരിക്കുകയാണ്. തക്കാളി, ഉള്ളി, വെളുത്തുള്ളി, ക്യാരറ്റ്, ബീറ്റ്റൂട്ട്, വെണ്ട, കാബേജ് തുടങ്ങി മിക്ക പച്ചക്കറികള്‍ക്കും വില നാള്‍ക്കുനാള്‍ കൂടി വരികയാണ്. നൂറുരൂപയില്‍ താഴെയുണ്ടായിരുന്ന വെളുത്തുള്ളിക്ക് 400 രൂപയാണ് നിലവില്‍ വില. ക്രിസ്മസ് , ന്യൂ ഇയര്‍ വിപണി മുന്നില്‍കണ്ട് മുട്ടയ്ക്കും ചിക്കനും വില കൂടി.കഴിഞ്ഞാഴ്ച 95-100 രൂപ ഉണ്ടായിരുന്ന കോഴിക്ക് ഇന്നത്തെ വില 125-130 രൂപയാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it