അമിത ശബ്ദമുണ്ടാക്കി ബൈക്ക് ഓടിച്ചാല്‍ പിടിവീഴും; കര്‍ശന നടപടിയുമായി കുമ്പള പൊലീസ്

കുമ്പള: സൈലന്‍സറിന്റെ മഫ്‌ളര്‍ മാറ്റി ബൈക്കുകള്‍ അമിത ശബ്ദത്തില്‍ ഓടിക്കുന്നവര്‍ക്ക് ഇനി പൊലീസ് പിടിവീഴും. കുമ്പള ഭാഗങ്ങളില്‍ ഇത് വ്യാപകമായതോടെയാണ് കര്‍ശന നടപടിയുമായി കുമ്പള പൊലീസ് രംഗത്തിറങ്ങിയത്. പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഒരു ബൈക്ക് കൂടി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കുമ്പള ദേവി നഗറിലെ ഹരികൃഷ്ണ(19)നെതിരെ കേസെടുത്തു. സീതാംഗോളിയില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ സൈലന്‍സറിന്റെ മഫ്‌ളര്‍ ഊരിമാറ്റി, നമ്പര്‍ പ്ലേറ്റ് അവ്യക്തമാക്കി, മഡ്ഗാഡ് പൊക്കി വലിയ ശബ്ദത്തോടെ വരികയായിരുന്ന ബൈക്ക് കുമ്പള എസ്.ഐ. കെ.കെ. ശ്രീജേഷിന്റെ ശ്രദ്ധയില്‍പ്പെടുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കുമ്പള ബദ്രിയ നഗറില്‍ വെച്ച് അര്‍ധരാത്രി ശബ്ദമുണ്ടാക്കി തലങ്ങും വിലങ്ങും ഓടിച്ച രണ്ട് ബൈക്കുകള്‍ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ചില യുവാക്കള്‍ സ്‌കൂളുകള്‍ വിടുന്ന സമയങ്ങളില്‍ ഇത് പോലെ ശബ്ദത്തോടെ ബൈക്കുകള്‍ ഓടിച്ച് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്നതായി നാട്ടുകാര്‍ പരാതിപറയുന്നുണ്ട്. ഇത്തരം ബൈക്കുകള്‍ പിടിച്ചെടുത്ത്ആര്‍.സി ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it