കുട്ടി ഡ്രൈവര്‍മാരെ പൊക്കി പൊലീസ്: വാഹന പരിശോധന കര്‍ശനമാക്കി

കാസര്‍കോട്: റോഡപകടങ്ങളും ഗതാഗതനിയമ ലംഘനങ്ങളും വര്‍ധിച്ചതോടെ വാഹന പരിശോധന കര്‍ശനമാക്കി പൊലീസ്. പൊലീസ് പരിശോധന കര്‍ശനമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച നൂറോളം ഇരുചക്രവാഹനങ്ങള്‍ പിടികൂടി. പൊലീസ് പരിശോധനക്കിടെ കുടുങ്ങിയവരില്‍ കുട്ടി ഡ്രൈവര്‍മാരും ഉള്‍പ്പെടുന്നുണ്ട്.

രാജപുരത്ത് ഇരുചക്രവാഹനം ഓടിച്ചതിന് രണ്ട് കുട്ടികള്‍ പൊലീസ് പിടിയിലായി. ഇവരുടെ മൊഴി പ്രകാരം രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് ഇക്ബാല്‍ സ്‌കൂളിന് സമീപം സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടെ 17കാരനെ പിടികൂടി. കാസര്‍കോട്, കുമ്പള, ബദിയടുക്ക, ബേഡകം, ബേക്കല്‍, നീലേശ്വരം, ചന്തേര, വെള്ളരിക്കുണ്ട്, അമ്പലത്തറ, ചിറ്റാരിക്കാല്‍ പൊലീസ് നിരവധി ഇരുചക്രവാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. മദ്യപിച്ചും ലൈസന്‍സില്ലാതെയും അമിതവേഗതയിലും ഓടിച്ച ഇരുചക്രവാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയിലെടുത്തതിലേറെയും. കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ പൊലീസ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. എന്നിട്ടുപോലും കുട്ടിഡ്രൈവര്‍മാര്‍ പിടിയിലാകുന്നത് പതിവാണ്. കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്നവര്‍ക്ക് മുമ്പ് 10,000 രൂപയായിരുന്ന പിഴ ഇപ്പോള്‍ 25,000 രൂപയാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it