നക്ഷ പദ്ധതിക്ക് തുടക്കമായി; കാസര്‍കോട് നഗരസഭയിൽ സര്‍വേ നടത്തും

കാസർകോട്: ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ്‌സ് മോഡേണൈസേഷന്‍ പ്രോഗ്രാമിന്റെ കീഴില്‍ നഗരപ്രദേശങ്ങളിലെ എല്ലാ ഭൂമികളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍വ്വേ നടത്തുന്നതിനായി നാഷണല്‍ ജിയോ സ്‌പെഷ്യല്‍ നോളേജ് ബേസ് ലാന്‍ഡ് സര്‍വ്വേ ഓഫ് അര്‍ബന്‍ ഹാബിറ്റേഷന്‍ (നക്ഷ )എന്ന പദ്ധതി ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം കാസര്‍കോട് മുന്‍സിപ്പല്‍ വനിതാ ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു . ജനങ്ങളുടെ ജീവിതത്തിനും നാടിന്റെ പുരോഗതിക്കും സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസിദാ ഫിറോസ് ,വാര്‍ഡ് കൗണ്‍സിലര്‍മാരായ പി രമേഷ് ,എം ലളിത എന്നിവര്‍ സംസാരിച്ചു. റീസര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ ആസിഫ് അലിയാര്‍ പദ്ധതി വിശദീകരിച്ചു സര്‍വ്വേ ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ പി ഗംഗാധരന്‍ സ്വാഗതവും സര്‍വ്വേ സൂപ്രണ്ട് കെ വി പ്രസാദ് നന്ദിയും പറഞ്ഞു.
എന്താണ് നക്ഷ പദ്ധതി
നഗരത്തിലെ സ്വകാര്യ ഭൂമികള്‍, ഒഴിഞ്ഞ പ്ലോട്ടുകള്‍ ,പൊതുസ്വത്തുക്കള്‍, റെയില്‍വേ വകുപ്പിന്റെ ഭൂമി ,നഗരസഭയുടെ ഭൂമി, ക്ഷേത്രം, ബസ് സ്റ്റാന്‍ഡ് ,ഇടവഴികള്‍, തോട് ,ശ്മശാനം, ജല പൈപ്പ് ലൈന്‍, വൈദ്യുതി ലൈന്‍, യു ജി സിലൈന്‍, ടെലിഫോണ്‍ ലൈന്‍ തുടങ്ങി സര്‍ക്കാര്‍ വകുപ്പുകളുടെ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ സര്‍വ്വേ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നഗരസഭയുടെയും സംയുക്ത സഹകരണത്തോടെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അളന്നു തിട്ടപ്പെടുത്തി കൃത്യമായ ഭൂ രേഖകള്‍ തയ്യാറാക്കുന്ന പദ്ധതിയാണിതെന്ന് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികളുടെയും ജനങ്ങളുടെയും നല്ല സഹകരണമാണ് ലഭിക്കുന്നത് എന്നും കളക്ടര്‍ പറഞ്ഞു.
ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച വ്യക്തിഗതര്‍ക്കങ്ങള്‍ നിയമപരമായി പരിഹരിക്കുന്നതിനും കയ്യേറ്റങ്ങള്‍ തടയുന്നതിനും ഈ സര്‍വ്വേ സഹായിക്കുന്നു നിയമപ്രകാരം രേഖപ്പെടുത്തിയ ഉടമസ്ഥാവകാശം സ്വത്ത് അവകാശങ്ങള്‍ക്കുള്ള ശക്തമായ അടിത്തറ ഉറപ്പാക്കും. കൃത്യമായ ഭൂരേഖകള്‍ ഫലപ്രദമായ നഗര ആസൂത്രണം സുഗമമാക്കും. വിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ആസൂത്രണം ചെയ്യാനും നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും പ്രാദേശിക സര്‍ക്കാരുകളെ ഈ സര്‍വ്വേ പ്രാപ്തരാക്കും
ഭൂവിനിയോഗ രീതികള്‍ വിലയിരുത്തുകയും ഭവനം, ഗതാഗതം യൂട്ടിലിറ്റികള്‍ സേവനങ്ങളുടെ ലഭ്യത നിര്‍ണയിക്കുകയും ചെയ്യും. വസ്തുവകകളുടെ മൂല്യങ്ങള്‍ വിലയിരുത്തുകയും നികുതികള്‍ ന്യായമായി ഈടാക്കുന്നതിനും ഫലപ്രദമായി വിനിയോഗിക്കുന്നതിനും സഹായിക്കും. പ്രതിസന്ധിഘട്ടങ്ങളില്‍ അപകടസാധ്യത വിലയിരുത്തുന്നതിനും അടിയന്തര ആസൂത്രണത്തിനും വിഭവ വിനിയോഗത്തിനും അപ്‌ഡേറ്റ് ചെയ്ത ജിയോ നാഷണല്‍ ലാന്‍ഡ് രേഖകള്‍ സഹായിക്കും.
മികച്ച രീതിയില്‍ രേഖപ്പെടുത്തപ്പെട്ട സുതാര്യമായ മേഖലകളില്‍ നിക്ഷേപകര്‍ നിക്ഷേപിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് എല്ലാ വില്ലേജുകളുടെയും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു 2022ല്‍ ആരംഭിച്ച എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വേ പദ്ധതിയുടെ ഭാഗമായി 247 വില്ലേജുകളുടെ സര്‍വ്വേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 192 വില്ലേജുകളില്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ പുരോഗ പുരോഗമിക്കുകയാണ്. ഈ പദ്ധതിയോടൊപ്പം നക്ഷപദ്ധതിയുടെ പ്രവര്‍ത്തനം കൂടി സംസ്ഥാനത്തെ തെരഞ്ഞെടുത്ത മുനിസിപ്പാലിറ്റികളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നു. സര്‍വ്വേ ഉദ്യോഗസ്ഥര്‍ സര്‍വ്വേ ജോലികള്‍ക്കായി എത്തുമ്പോള്‍ ബന്ധപ്പെട്ട ഭൂ ഉടമകള്‍ അവരവരുടെ ഭൂമിയുടെ അതിരുകളും ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖകളും പരിശോധനയ്ക്കായി നല്‍കേണ്ടതും ഭൂമി കൃത്യമായി അളന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണ്.