ആഷിഫിന്റെ മരണത്തില്‍ അടിമുടി ദുരൂഹത; ഇടുപ്പെല്ല് തകര്‍ന്നത് ലോറി ചക്രം കയറിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ബായാര്‍: ബായാര്‍ പദവിലെ ടിപ്പര്‍ ലോറി ഡ്രൈവറായ ആഷിഫിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. ആഷിഫിന്റെ മരണത്തിലേക്ക് നയിച്ച വിവരങ്ങളെ സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിനിടെ ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. ആഷിഫിന്റെ ഇടുപ്പെല്ല് തകര്‍ന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇടുപ്പെല്ല് തകര്‍ന്നത് ലോറിയുടെ ചക്രം കയറിയിറങ്ങിയാണെന്നാണ് ഫോറന്‍സിക് സര്‍ജന്‍ നടത്തിയ രരിശോധനയിലെ കണ്ടെത്തല്‍ . പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിക്കും.

ജനുവരി 15ന് പുലര്‍ച്ചെ ഒന്നര മണിയോടെയായിരുന്നു ആഷിഫിന്റെ മൃതദേഹം കണ്ടെത്തിയത്. ബായാര്‍ പദവിലെ വീട്ടില്‍ നിന്ന് ടിപ്പര്‍ ലോറിയുമായി ഇറങ്ങിയ ആഷിഫിന്റെ മൃതദേഹം കയര്‍ക്കട്ട ധര്‍മ്മടം എന്ന സ്ഥലത്ത് അടിയേറ്റ പരിക്കുകളോടെ ടിപ്പര്‍ ലോറിക്ക് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ സീറ്റിന് സമീപവും ലോറിക്കുള്ളിലും രക്തക്കറ കണ്ടെത്തിയതും, ഒടിഞ്ഞ മുളവടി പോലുള്ള വസ്തു ലോറിയില്‍ നിന്ന് കണ്ടെടുത്തതും മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയത്.ആഷിഫിന്റെ മാതാവ് സക്കീന മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ജില്ലാ പൊലീസ് മേധാവി കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റിന് വിട്ടിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it