പുലിഭീതിയില്‍ നാട്ടുകാര്‍; തൂക്കുവേലി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും
മുള്ളേരിയ: വനാതിര്‍ത്തി പ്രദേശത്ത് ഭീതിവിതച്ച് കൊണ്ടിരിക്കുന്ന പുലിയെ പിടികൂടാന്‍ ഒരുകൂട് കൂടി സ്ഥാപിക്കും. മുളിയാര്‍, കാറഡുക്ക, ദേലംപാടി, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളില്‍ പുലി അടക്കമുള്ള വന്യമൃഗങ്ങളുടെ ഭീഷണി രൂക്ഷമായതോടെ ജനങ്ങളില്‍ നിന്നും പരാതികള്‍ കേള്‍ക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയായ സിവില്‍ ജഡ്ജി രുക്മ എസ്. രാജ് വിളിച്ച് ചേര്‍ത്ത വനം വകുപ്പ്, റവന്യു, പൊലീസ്, പഞ്ചായത്ത് അധികൃതരുടെ യോഗത്തിലാണ് തീരുമാനം.
നിലവില്‍ കാറഡുക്ക അടുക്കത്തൊട്ടിയില്‍ സ്ഥാപിച്ച ഒരു പുലിക്കൂടിന് പുറമെ ഒരു മാസത്തിനുള്ളില്‍ മറ്റൊന്ന് കൂടി സ്ഥാപിക്കും. പുലി ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ രാത്രികാലങ്ങളിലും രാവിലെയും വൈകിട്ടും പട്രോളിങ് നടത്താനും ബാക്കിയുള്ള ഭാഗങ്ങളിലെ തൂക്കുവേലിയുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കി.
കര്‍ഷകരുടെ പരാതികള്‍ റിപ്പോര്‍ട്ടാക്കി ഡി.എല്‍.എസ്.എ ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് നല്‍കും. അദ്ദേഹം ഇതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.വി മിനി, കെ. ഗോപാലകൃഷ്ണ, മുരളി പയ്യങ്ങാനം, മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. ജനാര്‍ദ്ദനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. ശ്രീകുമാര്‍, ആദുര്‍ എസ്.ഐ വി. തമ്പാന്‍, റെയ്ഞ്ച് ഓഫീസര്‍ സി.വി വിനോദ് കുമാര്‍, മുളിയാര്‍ പഞ്ചായത്ത് സെക്രട്ടറി കെ. നന്ദഗോപാല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പരാതികളുടെ കെട്ടഴിച്ച് ജനങ്ങള്‍
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയായ സിവില്‍ ജഡ്ജിക്ക് മുന്നില്‍ പരാതികളുടെ കെട്ടഴിച്ച് വനാതിര്‍ത്തിയിലെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍. വന്യജീവികളെ കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ ഓരോ അനുവങ്ങളും അതോറിറ്റിക്ക് മുന്നില്‍ നിരത്തി.
മണി ഓമ്പയില്‍, കര്‍ഷകന്‍
''കുട്ടികളും മുതിര്‍ന്നവരും മറ്റും നടന്നുപോകാറുള്ള വഴിയിലും റോഡിലും സ്ഥിരമായി പുലിയെ കണ്ടതോടെ സമാധാനമായി വഴി നടക്കാനാവുന്നില്ല. രക്ഷിതാക്കള്‍ക്ക് മക്കളെ സ്‌കൂളിലേക്കുള്‍പ്പെടെ പുറത്തേക്ക് പറഞ്ഞയക്കാന്‍ പേടിയാണ്. കളിക്കാന്‍ പോലും പുറത്തിറക്കാന്‍ പറ്റാത്ത സ്ഥിതിയായി. പുലിയെ കണ്ടത് മുതല്‍ പകല്‍ പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ഭയമാണ്..''
ഭവാനി, ബേപ്പ് സ്വദേശിനി
''കാട്ടാന, കുരങ്ങ്, പന്നി എന്നിവ കാരണം വനാതിര്‍ത്തിയില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കുരങ്ങ് ശല്യം കാരണം വീട്ടാവശ്യത്തിനുള്ള തേങ്ങ പോലും കിട്ടുന്നില്ല''
ജനാര്‍ദ്ദനന്‍, കുറ്റിക്കോല്‍
''ശല്യക്കാരായ കാട്ടുപന്നികളെ വെടിവെക്കാന്‍ സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഷൂട്ടര്‍മാരെ ഏര്‍പ്പെടുത്തി ഇത് നടപ്പിലാക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല.''
അഡ്വ.പി രാമചന്ദ്രന്‍, കാനത്തൂര്‍
''നിലവില്‍ പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന വനംവകുപ്പിന്റെ മഞ്ചക്കല്‍ ഡിപ്പോ പാമ്പ് വളര്‍ത്തു കേന്ദ്രമാക്കണം. ജനവാസ മേഖലയില്‍ നിന്നും പിടികൂടുന്ന പാമ്പുകളെ ഇവിടെ വളര്‍ത്തുന്നതിനുള്ള സംവിധാനം ഒരുക്കണം'' .