മാലിന്യം, കത്താത്ത വിളക്കുകള്‍, ലഹരി മാഫിയ: ദുരിതവുമായി നാട്ടുകാര്‍

വിദ്യാനഗര്‍: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെയും ഇന്‍കം ടാക്‌സ് ഓഫീസിന്റെയും ഇടയില്‍ വരുന്ന റോഡ് മാലിന്യ നിക്ഷേപത്തിന്റെ കേന്ദ്രമായി മാറിയതിനെതിരെ രൂക്ഷമായ പ്രതിഷേധവുമായി നാട്ടുകാര്‍. മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നത് മൂലം വന്യജീവികളുടെയും ഇഴജന്തുക്കളുടെയും ശല്യം കാരണം നാട്ടുകാര്‍ ഭീതിയിലാണ്. കുട്ടികളടക്കം കടന്നുപോവുന്ന വഴിയാണിത്. വര്‍ഷങ്ങളായി പലയിടത്തു നിന്നും മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത് ഇവിടെയാണ്. ഈ ഭാഗത്ത് തെരുവ് നായകളുടെ ആക്രമണവും രൂക്ഷം. സമൂഹ വിരുദ്ധരുടെയും ലഹരി മാഫിയകളുടെയും കേന്ദ്രമായും മാറിയിരിക്കുന്നു. തെരുവ് വിളക്കുകളും ഇല്ല. രാത്രികാലങ്ങളില്‍ ഇരുട്ടും ലഹരി മാഫിയകളുടെ സാന്നിധ്യവും മൂലം ഇതുവഴി നടന്നുപോവാന്‍ എല്ലാവരും ഒരുപോലെ ഭയക്കുന്നു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയും എം.എല്‍.എ ഓഫീസില്‍ നേരിട്ട് ചെന്ന് കണ്ട് നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ അറിയിക്കുകയും ചെയ്തു. സ്‌കൂള്‍ കുട്ടികളടക്കം ഒരുപാട് പേര്‍ കാല്‍നട യാത്ര ചെയ്യുന്ന പ്രസ്തുത റോഡില്‍ നിന്ന് മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്നും സ്ട്രീറ്റ് ലൈറ്റും ക്യാമറയും സ്ഥാപിച്ച് മാഫിയാ സംഘങ്ങളില്‍ നിന്ന് നാടിനെ രക്ഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it