കാസര്‍കോട് മലയോര മേഖലയില്‍ ഭൂചലനം; വീടിന് വിള്ളല്‍

കാസര്‍കോട്: ജില്ലയിലെ മലയോര മേഖലയില്‍ വ്യാപക ഭൂചലനം. ഇന്ന് പുലര്‍ച്ചെ ഒന്നരക്കും 1.35നും ഇടയിലാണ് അസാധാരണ ശബ്ദത്തോടെ ഭൂചലനമുണ്ടായത്. രണ്ട് തവണയാണ് വിറയല്‍ അനുഭവപ്പെട്ടത്. രണ്ടാമത്തെ ചലനത്തിലാണ് അസാധാരണ ശബ്ദവും ശക്തമായ വിറയലും അനുഭവപ്പെട്ടത്. അഞ്ചു മുതല്‍ 6 സെക്കന്റ് വരെ രണ്ടാം ചലനം അനുഭവപ്പെട്ടതായാണ് പല ഭാഗങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്.
തായന്നൂരില്‍ ഒരു വീടിന് വിള്ളല്‍ വീണിട്ടുണ്ട്. പല സ്ഥലങ്ങളിലും വീടുകളോട് ചേര്‍ന്നുള്ള ഇരുമ്പ് മേല്‍ക്കൂരകള്‍ ആടി ഉലയുന്നത് പോലെ അനുഭവപ്പെട്ടു. അറബിക്കടലിലും ചലനം നടന്നതായി സൂചനയുണ്ട്. കടലില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് തീരദേശ പൊലീസ് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം ചെറിയ രീതിയിലാണ് ചലനം ഉണ്ടായതെന്നും ഭൂകമ്പ മാപിനിയില്‍ രേഖപെടുത്തുന്നത്ര തീവ്രത ഉണ്ടായില്ലെന്നുമാണ് പ്രാഥമിക വിവരം.
വെള്ളരിക്കുണ്ട്, ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി എന്നീ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ബിരിക്കുളം, കൊട്ടമടല്‍, പരപ്പ, ഒടയംചാല്‍, ബളാല്‍, കൊട്ടോടി എന്നിവിടങ്ങളില്‍ കട്ടില്‍ ഉള്‍പ്പെടെ കുലുങ്ങിയെന്ന് പ്രദേശവാസികള്‍ പറയുന്നു. പരപ്പ, പാലംകല്ല് ഭാഗത്തും, തടിയന്‍ വളപ്പ് ഭാഗത്തും ഇതേ അനുഭവം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടി. ഫോണ്‍ ഉള്‍പ്പെടെ താഴെ വീണതായും പ്രദേശവാസികള്‍ പറയുന്നു.