ആര്‍.സി ബുക്കുകള്‍ ഇനി ഡിജിറ്റലാവും: മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 1 മുതല്‍ ഡിജിറ്റല്‍ ആര്‍സി ബുക്കുകള്‍ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണര്‍ സി എച്ച് നാഗരാജു. മോട്ടോര്‍ വാഹന വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി എന്നും അദ്ദേഹം പറഞ്ഞു. ആര്‍സി ബുക്ക് പ്രിന്റ് എടുത്ത് നല്‍കുന്നതിന് പകരമാണ് ഡിജിറ്റലായി നല്‍കുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി പരിവാഹന്‍ വെബ് സൈറ്റില്‍ നിന്ന് ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാം.
ഒപ്പം, എല്ലാ വാഹന ഉടമകളും ആര്‍സി ബുക്ക് ആധാറില്‍ കൊടുത്ത മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത കമ്മിഷണര്‍ നിര്‍ദേശിച്ചു. ഉടമസ്ഥാവകാശം മാറ്റല്‍, ഹൈപ്പോത്തിക്കേഷന്‍ മാറ്റം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇത് ഉപയോഗപ്പെടും. ഇത്തരത്തില്‍ ബന്ധപ്പെടുത്തിയില്ലെങ്കില്‍ ഉടമയുടെ അനുവാദം കൂടാതെ ആര്‍ക്ക് വേണമെങ്കിലും വിവരങ്ങള്‍ മാറ്റാന്‍ കഴിയും. ആധാറില്‍ കൊടുത്ത മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയാല്‍ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് മാത്രമേ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ കഴിയുകയുള്ളു.