അവര്‍ ഒരുമിച്ചു; എം.ടിയെ അനുസ്മരിച്ചു; വേറിട്ട സംഗമവുമായി പത്താം ക്ലാസ് കൂട്ടായ്മ

ചെറുവത്തൂര്‍: പഠിച്ചിറങ്ങി 29 വര്‍ഷമായെങ്കിലും ചെറുവത്തൂര്‍ ഗവണ്‍മെന്റ് ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അന്നത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഇന്നും ഇടക്കിടെ കാണും. അന്നത്തെ ആ സൗഹൃദവും അടുപ്പവും ഇന്നും എല്ലാവരിലും അതേപോലെ തന്നെ. 1996-97 എസ്.എസ്.എല്‍.സി ബാച്ചിലുണ്ടായിരുന്നവരാണ് വേറിട്ട പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധ നേടുന്നത്. ഇന്ന് ഇവർ ഒത്തുകൂടുന്നത് സാമൂഹ്യ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ്. ഇതള്‍ എന്ന പേരിലുള്ള കൂട്ടായ്മ കഴിഞ്ഞ ദിവസം ഒത്തുചേര്‍ന്നത് മണ്‍മറഞ്ഞ മലയാള സാഹിത്യ കുലപതി എം.ടിയെ അനുസ്മരിക്കുന്നതിനായിരുന്നു. അനുസ്മരണത്തിനൊപ്പം നിന്റെ ഓര്‍മ്മയ്ക്ക് എന്ന എം.ടിയുടെ കഥയെ ആസ്പദമാക്കി കഥാ ചര്‍ച്ചയും സംഘടിപ്പിച്ചു. കാരിയില്‍ ശ്രീകുമാര്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാഹിത്യകാരന്‍ സുറാബ് നീലേശ്വരം അനുസ്മരണ പ്രഭാഷണം നടത്തി. മഹാ മൗനത്തിലൂടേ മാനസീക സംഘര്‍ഷങ്ങളുടെ കഥ പറഞ്ഞ എഴുത്തുകാരനാണ് എം.ടി എന്ന് സുറാബ് പറഞ്ഞു. പ്രശസ്ത കവി സുരേന്ദ്രന്‍ കാടങ്കോട് കഥാവതരണം നടത്തി. ലൈബ്രറി കൗണ്‍സില്‍ ചെറുവത്തൂര്‍ വെസ്റ്റ് നേതൃ സമിതി കണ്‍വീനര്‍ ടി തമ്പാന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ കമ്മിറ്റി സെക്രട്ടറി ജബ്ബാര്‍ കാടങ്കോട് ,ഷൈജു നാപ്പയില്‍, അശോകന്‍ ടി.വി, മനോജ് പൊള്ളയില്‍, ശ്രീജ കുറ്റിവയല്‍ എന്നിവര്‍ സംസാരിച്ചു. അനില്‍ കെ കിഴക്കേമുറി അധ്യക്ഷനായി . ഇതള്‍ കൂട്ടായ്മ കണ്‍വീനര്‍ ഷാജി വി സ്വാഗതവും കെ.ടി ധനേഷ് നന്ദിയും പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it