പുലിയെ പിടിച്ചേ... ; കൊളത്തൂരില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി
പൊയിനാച്ചി: കൊളത്തൂരില്‍ ആഴ്ചകളോളമായി ഭീതി പരത്തിയ പുലി ഒടുവില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കണ്ണൂരില്‍ നിന്നെത്തിയ നോര്‍തേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. ബി. ഇല്യാസ് റാവുത്തര്‍ പരിശോധിച്ച് ആവശ്യമായ ചികിത്സ നല്‍കിയ ശേഷം രാത്രി വൈകി പുലിയെ സുരക്ഷിതമായി ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടു. കൊളത്തൂര്‍ നിടുവോട്ടെ എം. ജനാര്‍ദ്ദനന്റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ചിരുന്ന കൂട്ടില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് 5 വയസുള്ള പുലി അകപ്പെട്ടത്. പുലിയെ ആകര്‍ഷിക്കാനായി നായയെ കൂട്ടില്‍ കെട്ടിയിരുന്നു. ഇന്നലെ രാത്രി നായയുടെ കരച്ചില്‍ കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴാണ് കൂട്ടില്‍ കുടുങ്ങിയ പുലിയെ കണ്ടത്. നല്ല വലിപ്പമുള്ള പുലിയുടെ വലതുകണ്ണിന് താഴെ മുറിവും കാണപ്പെട്ടു. വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ആര്‍.ആര്‍.ടി സംഘവും നാട്ടുകാരുടെ സഹായത്തോടെ പുലിയെ രാത്രി തന്നെ ഇവിടെ നിന്നും മാറ്റി. കൂട് മൂടി പുലിയെ വാഹനത്തിനടുത്തേക്ക് എത്തിക്കുകയായിരുന്നു. പുലിയെ കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബഹളം വെച്ചതോടെ മറനീക്കി പുലിയെ കാണിച്ച ശേഷം വനംവകുപ്പിന്റെ പള്ളത്തുങ്കാലിലെ ഓഫീസിലേക്ക് കൊണ്ടുപോയി. പരിക്കുള്ളതിനാല്‍ പുലിക്ക് ഇവിടെ വെച്ച് ചികിത്സ നല്‍കിയ ശേഷം ഉള്‍ക്കാട്ടിലേക്ക് വിട്ടയക്കുകയായിരുന്നു.
ഫെബ്രുവരി നാലിന് രാത്രി കൊളത്തൂര്‍ മടന്തക്കോട് ഗുഹയില്‍ കുടുങ്ങിയ ഒരു പുലിയെ മയക്കുവെടി വെച്ച് പിടികൂടാന്‍ വനംവകുപ്പധികൃതര്‍ ശ്രമിച്ചിരുന്നെങ്കിലും പുലി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വിളക്കുമാടം, ആയംകടവ്, പെനയാല്‍, ശങ്കരങ്കാട് ഭാഗങ്ങളില്‍ പുലിയെ നാട്ടുകാരില്‍ പലരും കണ്ടിരുന്നു. ഇതേ തുടര്‍ന്ന് വനപാലകര്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് കളവയല്‍, പെനയാല്‍ പ്രദേശങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ചു. പലയിടങ്ങളിലും നായകളെയടക്കം പുലി കൊന്ന് ഭക്ഷിച്ചിരുന്നു. പ്രദേശത്ത് ഒന്നില്‍ കൂടുതല്‍ പുലിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ചക്കിട്ടടുക്കത്ത് പുലി; ആടിനെ കടിച്ചുകൊന്നു, ക്യാമറ ട്രാപ്പ് സ്ഥാപിച്ചു
കാഞ്ഞങ്ങാട്: ഒടയംചാല്‍ ചക്കിട്ടടുക്കത്ത് പുലിയിറങ്ങിയതിനെ തുടര്‍ന്ന് വനപാലകര്‍ ക്യാമറ ട്രാപ്പ് സ്ഥാപിച്ചു. ഇന്നലെ വൈകിട്ട് കാവേരിക്കുളത്താണ് പുലിയിറങ്ങി ആടിനെ കടിച്ചു കൊന്നത്. വട്ടക്കുളം ജോര്‍ജിന്റെ ആടിനെയാണ് കൊന്നത്. തീറ്റ തേടാനായി കെട്ടിയിട്ടതായിരുന്നു. സന്ധ്യയോടെ ആടിനെ കൊണ്ടുവരാനായി വീട്ടുകാര്‍ പോയപ്പോഴാണ് കൊന്നനിലയില്‍ കണ്ടത്. വീട്ടില്‍ നിന്നും 200 മീറ്റര്‍ പരിധിയിലാണ് സംഭവം.