കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം; ദുരൂഹത അന്വേഷിച്ച് എക്‌സൈസ് വകുപ്പ്

പ്രതീകാത്മക ചിത്രം
പാലക്കാട്: ചിറ്റൂരില്‍ രണ്ട് കള്ളുഷാപ്പുകളില്‍ നിന്നുള്ള കള്ള് സാമ്പിളുകള്‍ പരിശോധിച്ചതില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തി. എക്‌സൈസ് വകുപ്പാണ് സാമ്പിളുകള്‍ പരിശോധനക്ക് അയച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂര്‍ റേഞ്ച് ഗ്രൂപ്പ് നമ്പര്‍ 9ലെ വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളില്‍ നിന്നുള്ള കള്ള് പരിശോധനയ്ക്കയച്ചത്. ഈ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.
ചുമ മരുന്നില്‍ ഉള്‍പ്പെടുത്തുന്ന ബനാട്രില്‍ എന്ന രാസപദാര്‍ത്ഥമാണ് കള്ളില്‍ നിന്നും കണ്ടെത്തിയത്. വലിയ രീതിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള രാസപദാര്‍ത്ഥമാണിത്.
മുമ്പ് സ്പിരിറ്റ് ഉള്‍പ്പെടെയുള്ളവ കള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വിവിധ ഷാപ്പുകളിലും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓരേ ലൈസന്‍സിയുടെ കീഴിലുള്ള രണ്ട് ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളില്‍ നിന്നും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.