ചെര്‍ക്കള അഖിലേന്ത്യാ വോളി: കേരള പൊലീസ്-കൊച്ചിന്‍ കസ്റ്റംസ് കലാശപ്പോര് ഇന്ന്

ചെര്‍ക്കള വിന്നേഴ്‌സ് അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന്
ചെര്‍ക്കള: രാവിനെ പകലാക്കി ചെര്‍ക്കളയില്‍ 5 നാളുകളായി നടന്നുവരുന്ന മൂന്നാമത് വിന്നേഴ്‌സ് അഖിലേന്ത്യ ഇന്‍വിറ്റേഷന്‍ കപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഇന്ന് സമാപിക്കും.
കലാശപ്പോരില്‍ ഇന്ന് രാത്രി കേരള പൊലീസ് കൊച്ചിന്‍ കസ്റ്റംസിനെ നേരിടും.
വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരള പൊലീസ് ഫൈനലില്‍ എത്തിയത്. ശനിയാഴ്ച നടന്ന സെമിയില്‍ ഇന്ത്യന്‍ ആര്‍മിയെ നേരിട്ടുള്ള 3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കൊച്ചിന്‍ കസ്റ്റംസ് ഫൈനലില്‍ എത്തിയത്. അഖിലേന്ത്യാ വോളിയില്‍ കിരീടം നേടുമെന്ന പ്രതീക്ഷയില്‍ അരയും തലയും മുറുക്കി എത്തിയ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് കേരള പൊലീസിനോട് ജീവന്‍മരണ പോരാട്ടത്തിനൊടുവില്‍ പരാജയം സമ്മതിച്ചാണ് കളംവിട്ടത്.
ആയിരങ്ങളുടെ ആവേശം അണപൊട്ടിയൊഴുകിയ രണ്ടാം സെമിയില്‍ ഇന്ത്യന്‍ ആര്‍മിയുടെ കരുത്തിന്റെ മുനയൊടിച്ചാണ് കംസ്റ്റംസ് പട ഫൈനലില്‍ എത്തിയത്. ഇരു ടീമുകളും മികച്ച അന്താരാഷ്ട്ര താരങ്ങളെയാണ് ഇന്ന് നടക്കുന്ന അന്തിമയുദ്ധത്തില്‍ ഇറക്കുന്നത്. പൊലീസിന് വേണ്ടി രാഹുല്‍, ജിഷ്ണു എന്നിവര്‍ ആക്രമണ-പ്രതിരോധങ്ങള്‍ക്ക് നേതൃത്വം നല്‍കും. കാണികളുടെ രോമാഞ്ചമായ റഹിം, സേതു, ഫാസില്‍, മുത്തുസ്വാമി എന്നിവര്‍ കൊച്ചിന്‍ കംസ്റ്റംസിന്റെ തേരാളികളാകും.