പുതുവര്‍ഷത്തില്‍ ഇരുട്ടടി: വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 111 രൂപ കൂട്ടി

ന്യൂഡല്‍ഹി: പുതുവര്‍ഷ ദിനത്തില്‍ ഇരുട്ടടിയായി പാചകവാതക വില വര്‍ധനവ്. രാജ്യത്ത് എല്‍.പി.ജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ജനുവരി 1 മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു. എന്നാല്‍ 14 കിലോ ഗാര്‍ഹിക എല്‍.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില. ഡിസംബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില നേരിയ തോതില്‍ കുറച്ചിരുന്നു. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും 10 രൂപ കുറച്ചപ്പോള്‍, മുംബൈയിലും ചെന്നൈയിലും 11 രൂപ കുറച്ചു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചുകാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുന്നു.

