ഫെങ്കല്‍ ചുഴലിക്കാറ്റ്; ന്യൂനമര്‍ദ്ദം തീരപ്രദേശത്തേക്ക് : മുന്‍കരുതല്‍ നടപടികളുമായി നാവികസേന

കാവേരി ഡെല്‍റ്റയില്‍ കനത്തമഴ തുടരുന്നു. വന്‍ കൃഷി നാശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഫെങ്കല്‍ ചുഴലിക്കാറ്റായി മാറുമെന്ന അറിയിപ്പുകള്‍ നിലനില്‍ക്കേ തമിഴ്‌നാട്ടിലും പുതുച്ചേരിയില്‍ മുന്‍കരുതല്‍ നടപടികള്‍ വേഗത്തിലാക്കി. അതിശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂന മര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്ത് നിന്ന് ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയാണെന്നും തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും വടക്കന്‍ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചെന്നൈ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ ഓറഞ്ച് , യെല്ലോ അലേര്‍ട്ടുകള്‍ നിലനില്‍ക്കുകയാണ്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള ശക്തമായ മഴ ശ്രീലങ്കന്‍ തീരദേശ മേഖലയിലും വ്യാപക നാശനഷ്ടം ഉണ്ടാക്കുകയാണ്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ ഇതിനകം മരിച്ചു.

ചുഴലിക്കാറ്റ്, കനത്തമഴ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാവിക സേന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് തുടങ്ങി. അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകളുമായി ഏകോപനം നടത്തിവരികയാണ്. അവശ്യവസ്തുക്കള്‍ വാഹനങ്ങളില്‍ ശേഖരിച്ചുകഴിഞ്ഞു. മത്സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറിലേക്ക് തിരികെ എത്തിക്കാന്‍ തീരദേശ സേന മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it