എല്‍.വി.എം 3 എം 6 റോക്കറ്റ് വിക്ഷേപണം വിജയകരം
'ബാഹുബലി' കുതിച്ചുയര്‍ന്നു, ഇന്ത്യക്ക് അഭിമാനനേട്ടം

ചെന്നൈ: ഐ.എസ്.ആര്‍.ഒയുടെ എല്‍.വി.എം 3 എം 6 വിക്ഷേപിച്ചു. ഇന്ന് രാവിലെ 8.55ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്. എല്‍.വി.എം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കന്‍ കമ്പനി എ.എസ്.ടി സ്‌പേസ് മൊബൈലിന്റെ ബ്ലൂബേര്‍ഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എ.എസ്.ടി സ്‌പേസ് മൊബൈല്‍. നേരിട്ട് മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്. രണ്ട് മാസത്തിനിടെയുള്ള എല്‍.വി.എം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയില്‍ എല്‍.വി.എം 3 ദൗത്യങ്ങള്‍ നടക്കുന്നതും ഇതാദ്യമായാണ്. ഏകദേശം 15 മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം, ബ്ലൂബേര്‍ഡ് ബ്ലോക്ക് -2 എന്ന ബഹിരാകാശ പേടകം വേര്‍പിരിഞ്ഞ് 520 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തുമെന്ന് ഇസ്രോ അറിയിച്ചു. കൂട്ടിയിടി ഒഴിവാക്കാന്‍ 90 സെക്കന്റ് വൈകിയാണ് വിക്ഷേപണം നടത്തിയത്.

